ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ഇന്നും SIT പരിശോധന; പഴയ ഉരുപ്പടികളുടെ സാമ്പിളുകൾ ശേഖരിക്കും

2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതിൽനിന്ന് ഇന്ന് സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. വാതിലിന്റെ അളവടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്.

പഴയ ഉരുപ്പടികളുടെ തൂക്കം എടുത്ത എസ്‌ഐടി, പുതിയ സ്വർണക്കൊടിമരത്തിന്റെ ചുറ്റളവും പരിശോധിച്ചിരുന്നു. അഷ്ടദിക്പാലകരുടെ രൂപങ്ങൾ പെയിന്റടിച്ച നിലയിൽ പാക്കറ്റുകളിലാണ് എസ്‌ഐടി കണ്ടെത്തിയത്. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് 13 അംഗ എസ്‌ഐടി സംഘം പരിശോധന തുടരുന്നത്.

അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ഇ ഡി പരിശോധന 22 മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഇതിൽ പരിശോധനയ്ക്കായി ഏറ്റവും കൂടുതൽ സമയം ഇ ഡി ചെലവഴിച്ചത് ദേവസ്വം ബോർഡ് ആസ്ഥാനത്താണ്.

പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർക്ക് ഇ ഡി നൽകിയിരിക്കുന്ന സൂചന. ദേവസ്വം ഓഫീസിൽനിന്നും മരാമത്ത് ഓഫീസിലെ രേഖകളുടെ പകർപ്പുകളും മുൻ ഭരണസമിതി തീരുമാനങ്ങളുടെ രേഖകളും തിരുത്തിയ മിനിറ്റ്‌സ് ഉൾപ്പെടെ നിർണായക പകർപ്പുകൾ ഇ ഡി ശേഖരിച്ചതായാണ് വിവരം. കരാർ രേഖകളുടെ പകർപ്പുകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡൻ്റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിലും പരിശോധന നടന്നു. പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകൾ ചേർന്നാണ് പരിശോധന നടത്തിയത്.

Content Highlights:‌ Sabarimala gold theft case, the Special Investigation Team will continue its inspection at Sannidhanam today as well

To advertise here,contact us