തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില് പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മതത്തിന്റെ പേരിലാണ് മുസ്ലിം ലീഗ് വോട്ട് പിടിക്കുന്നതെന്നും അതാണ് സജി ചെറിയാന് പറഞ്ഞതെന്നും അബ്ദുറഹിമാന് റിപ്പോര്ട്ടറിനോട് പറഞ്ഞു. മുസ്ലിം ലീഗിനെ പലര്ക്കും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'മുസ്ലിം ലീഗ് പഴയത് പോലെയല്ല. കൃത്യമായി മുസ്ലിം വര്ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്ട്ടിയായി ലീഗ് മാറി. നൂറു ശതമാനം മതത്തിന്റെ പേരില് വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്ത് വരുന്നത്. അതാണ് സജി ചെറിയാന് പറഞ്ഞത്. ലീഗിന്റെ രീതി അതാണ്. ഒരു വിവാദവുമില്ല. വര്ഗീയമായ ദ്രുവീകരണത്തിന് വേണ്ടി മുസ്ലിം ലീഗ് നല്ല രീതിയില് ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഭരണത്തില് ബിജെപിക്ക് മുസ്ലിം പ്രതിനിധികളുണ്ടോ? അതുപോലെയാണ് തിരിച്ച് ലീഗിന്റെ കാര്യത്തിലും', അബ്ദുറഹിമാന് പറഞ്ഞു.
മലപ്പുറത്തെയും കാസര്കോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന് വാക്കുകള് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 'നിങ്ങള് കാസര്കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല് മതി. ആര്ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില് അല്ലാത്തവര് ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള് വലിയ വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു.
പിന്നാലെ വാക്കുകള് വളച്ചൊടിക്കപ്പെട്ടതാണെന്ന് ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. മന്ത്രിയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സജി ചെറിയാന്റെ പ്രസ്താവന മാധ്യമങ്ങള് വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വി ശിവന്കുട്ടി പറഞ്ഞത്. വര്ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചത്.
കോണ്ഗ്രസും വിവിധ മതസംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജയിച്ച് വരുന്നവരുടെ പേര് നോക്കൂ എന്ന് മന്ത്രി പറയുന്നത് ഉത്തരേന്ത്യയില് പ്രധാനമന്ത്രി നരേന്ദ്ര മോദി പഴറ്റിയ അതേ തന്ത്രമാണെന്ന് സമസ്ത മുഖപത്രത്തില് വിമര്ശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷ പ്രസ്താവനയാണ് സജി ചെറിയാന് നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
Content Highlights: Kerala Minister V Abdurahiman came out in support of Saji Cherian amid the ongoing controversy and made remarks critical of the Muslim League