'ആദ്യം RSS ആക്കാൻ നോക്കി, ഇപ്പോൾ ഐഎസും; അതുകൊണ്ടൊന്നും ബാലനും സജിയും പറഞ്ഞ ചീഞ്ഞ വർഗീയതയുടെ നാറ്റം പോവില്ല'

പത്ത് വോട്ടിന് സിപിഐഎം ഒപ്പം കൂട്ടിയ വര്‍ഗീയ സംഘടനകളെ തുറന്നെതിര്‍ത്തിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി

കോഴിക്കോട്: സിപിഐഎമ്മിനെതിരെ തുറന്നടിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സിപിഐഎം കുറേ കാലം തന്നെ ആര്‍എസ്എസ് ആക്കാന്‍ നോക്കിയെന്നും ഇപ്പോള്‍ ഐഎസ് ആക്കാനുള്ള ശ്രമത്തിലാണെന്നും അതുകൊണ്ടൊന്നും എ കെ ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വര്‍ഗീയതയുടെ നാറ്റം പോവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ രാജ്യത്ത് ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതം മാത്രം മതി എന്ന് പറയുന്നതോ, മറ്റു മതങ്ങളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആണ് വര്‍ഗീയത. അത്തരത്തില്‍ വര്‍ഗീയമായ ഒരു സ്റ്റേറ്റ്‌മെന്റ് പറയേണ്ടി വരുന്ന സമയത്ത് ഈ പണി താന്‍ നിര്‍ത്തും. പത്ത് വോട്ടിന് സിപിഐഎം ഒപ്പം കൂട്ടിയ വര്‍ഗീയ സംഘടനകളെ തുറന്നെതിര്‍ത്തിട്ടുണ്ട്.

തീവ്രചിന്തയിലേക്ക് യുവാക്കള്‍ പോകരുത് എന്ന നിലക്ക് പ്രതിരോധം തീര്‍ക്കാന്‍ മുന്നില്‍ നിന്നിട്ടുണ്ട്. അത് ആരുടെയും മതേതര സര്‍ട്ടിഫിക്കറ്റ് വാങ്ങി നിയമസഭയിലോ പാര്‍ലിമെന്റിലോ പോകാനല്ലെന്നും രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചതാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഷാജി മതം പറഞ്ഞു എന്നാണ് ഇപ്പോള്‍ സി പി എം സൈബര്‍ പോരാളികളും നേതാക്കളും പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത്. കെ എം ഷാജി മതം പറഞ്ഞിട്ടുണ്ട്. അത് സ്വന്തം മതത്തെകുറിച്ചാണ്; വെള്ളാപ്പള്ളിയും ബാലനും സജി ചെറിയാനും പറഞ്ഞ അപര മത വിദ്വേഷവും മത വെറിയുമല്ല അത്സിപിഎമ്മും ബിജെപിയും രാഷ്ട്രീയം വിട്ട് മതത്തില്‍ കുതിര കയറാന്‍ വന്നപ്പോള്‍ ആണ് ഞാന്‍ മതം പറഞ്ഞത്. പലപ്പോഴും അത് പറയേണ്ടി വന്നിട്ടുണ്ട്.

എന്റെ പ്രസംഗത്തിലെ 'മതമാണ് പ്രശ്‌നം' എന്ന വാചകം ഉപയോഗിച്ച് എനിക്കെതിരെ പൊതുസമൂഹത്തിന്റെ മനസ്സ് തിരിക്കാം എന്നാണ് സി പി എം വ്യാമോഹിക്കുന്നത്.ആ പ്രസംഗം മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ അപഹരിക്കുന്ന ഇടത് സര്‍ക്കാരിനെതിരെയായിരുന്നു. ആരോടും സ്വകാര്യമായി പറഞ്ഞതല്ല അത്;കോഴിക്കോട് കടപ്പുറത്ത്, പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും നേതാക്കളെയും സാക്ഷി നിര്‍ത്തിക്കൊണ്ട്, നിരവധി ടെലിവിഷന്‍ ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റ് ചെയ്ത് കൊണ്ടിരിക്കെ,ലോകം മുഴുവന്‍ കേള്‍ക്കും എന്ന് ഉറപ്പിച്ച് കൊണ്ട് പറഞ്ഞതാണത്.

'മതമല്ല മതമല്ല മതമല്ല പ്രശ്‌നം' എന്ന് മുദ്രാവാക്യം വിളിച്ച്, ഭരണഘടന ഉറപ്പ് തരുന്ന മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും ഉള്ള അവകാശങ്ങള്‍ സി പി എം ഇല്ലാതാക്കുമ്പോള്‍ അത് പറയുക തന്നെ ചെയ്യും. ഞങ്ങളുടെ വിശ്വാസത്തെ ഇല്ലാതാ ക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം അല്ലായിരിക്കാം; പക്ഷെ, ഞങ്ങള്‍ക്കത് ഈ രാജ്യം കല്‍പ്പിച്ചു തന്ന അവകാശങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തന്നെയാണ്.

വഖഫ് നിയമനങ്ങള്‍ അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളെ അധികാരത്തിന്റെ മുഷ്‌ക്കില്‍ നേരിട്ടപ്പോള്‍; വിശ്വാസികളെ തെരുവില്‍ അപഹസിച്ചപ്പോള്‍; ആ പ്രശ്‌നങ്ങള്‍ പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ്. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കേ ഒരു മതവിഭാഗം അരിക് വല്‍ക്കരിക്കപ്പെടുന്നത് ഞങ്ങള്‍ക്ക് പ്രശ്‌നം തന്നെയാണ്.ബി ജെ പിക്കും,ഇപ്പോള്‍ ബി ജെ പിക്ക് പഠിക്കുന്ന സി പി എമ്മിനും അതൊരു പ്രശ്‌നം അല്ലായിരിക്കാം.

സ്വന്തം മതം, ആ മതത്തില്‍ വിശ്വസിക്കുന്ന ഒരു ജനവിഭാഗം, പ്രശ്‌നത്തിലാണ് എന്ന് പറയുന്നത് വര്‍ഗീയതയാണെന്ന് സി പി എം സൈബര്‍ പോരാളികള്‍ പറഞ്ഞാല്‍ അത് സത്യം ആവില്ലല്ലോ. ഈ രാജ്യത്ത് ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതം മാത്രം മതി എന്ന് പറയുന്നതോ, മറ്റു മതങ്ങളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആണ് വര്‍ഗീയത. അത്തരത്തില്‍ വര്‍ഗീയമായ ഒരു സ്റ്റേറ്റ്‌മെന്റ് പറയേണ്ടി വരുന്ന സമയത്ത് ഈ പണി ഞാന്‍ നിര്‍ത്തും.

പത്ത് വോട്ടിന്, സി പി എം ഒപ്പം കൂട്ടിയ വര്‍ഗീയ സംഘടനകളെ തുറന്നെതിര്‍ത്തിട്ടുണ്ട്.തീവ്രചിന്തയിലേക്ക് യുവാക്കള്‍ പോകരുത് എന്ന നിലക്ക് പ്രതിരോധം തീര്‍ക്കാന്‍ മുന്നില്‍ നിന്നിട്ടുണ്ട്. അത് ആരുടെയും മതേതര സര്‍ട്ടിഫിക്കറ്റ് വാങ്ങി നിയമസഭയിലോ പാര്‍ലിമെന്റിലോ പോകാനല്ല. രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചതാണ്.അന്നൊക്കെ ഉഗ്രവിഷമുള്ള ഐറ്റങ്ങള്‍ മുന്നില്‍ വന്നു നിന്ന് പത്തി വിടര്‍ത്തി പേടിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്.

ഈ മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ അന്ന് പേടി തോന്നിയിട്ടില്ല. പിന്നല്ലേ,എ കെ ജി സെന്ററില്‍ വിരിയെ ച്ചെടുത്ത നീര്‍ക്കോലി കുഞ്ഞുങ്ങളും തേളും പഴുതാരയും 'കിണറ്റിലെ' തവളകളുംസി പി എം കുറേ കാലം എന്നെ ആര്‍ എസ് എസ് ആക്കാന്‍ നോക്കി. ഇപ്പോള്‍ ഐ എസ് ആക്കാനുള്ള ശ്രമത്തിലാണ്. അത് കൊണ്ടൊന്നും എ കെ ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വര്‍ഗീയതയുടെ നാറ്റം പോവില്ല. അവര്‍ പച്ചക്ക് ഇസ്ലാമോഫോബിയ പറയുകയാണ്.

ബിജെപിക്ക് ബദലാവാന്‍ നിങ്ങള്‍ വലിച്ചു വാരി ദേഹത്ത് തേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തില്‍ കൂടി തേച്ചാല്‍ അത് അത്തര്‍ ആവില്ല. നാറ്റം അസഹനീയമാണ്. ജനം അത് തിരിച്ചറിയുന്നുണ്ട്. അകന്ന് പോകുക; ഇനിയത് മാത്രമാണ് പോംവഴി. ഇനി, പാര്‍ട്ടി ഓഫീസില്‍ നിന്ന് കിട്ടുന്ന ഗുളിക അണ്ണാക്ക് തൊടാതെ വിഴുങ്ങി അന്തിചര്‍ച്ചക്ക് ഇരിക്കുന്ന അവതാരങ്ങളോട് പറയാനുള്ളത്; മുഖത്തടിച്ച ലൈറ്റും നിങ്ങള്‍ തീരുമാനിക്കുന്ന സമയവും വിട്ട് നാട്ടിലിറങ്ങി അതൊന്ന് പറഞ്ഞു നോക്കാമോ. ഞാന്‍ തയ്യാറാണ്, നാളിതുവരെ ഞാന്‍ പറഞ്ഞതും നിങ്ങള്‍ കേട്ടതും കൊണ്ടു വരണം; നാലാള്‍ക്ക് നടുവില്‍. കേരളത്തിലെ ഏത് തെരുവിലും വരാം. ചര്‍ച്ച നേരിട്ടാവാം.

Content Highlights:km shaji open criticism against cpim

To advertise here,contact us