തിരുവനന്തപുരം: കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേർക്കെതിരെയാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. അഭിഭാഷക സിജിമോൾ ഒന്നാം പ്രതിയും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അധീഷ് രണ്ടാംപ്രതിയുമാണ്.
ജനുവരി നാലിന് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ എം സി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തി, ലഹളയുണ്ടാക്കാൻ ശ്രമിച്ചു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരിൽനിന്ന് പുതുക്കോട്ടയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാർ തടഞ്ഞു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വള്ളക്കടവ് വിഷ്ണുവിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. ജീപ്പിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ജീപ്പിൽനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ടുപേരുടെ ഐഡി കാർഡും കണ്ടെത്തിയിരുന്നു. അപകടത്തിൽ തകരാറിലായ മഹീന്ദ്ര ഥാർ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞ ദിവസം ആരോ തീയിട്ടു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു ആരോപണം. രഞ്ജിത്തിനും അംബികയ്ക്കും ആറും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുണ്ട്.
അതേസമയം പൊലീസ് കസ്റ്റഡിയിലെ ജീപ്പ് കത്തിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം കത്തിയ കാർ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ നിന്ന് കിളിമാനൂർ സിഐയെ മാറ്റണമെന്ന് അഭിഭാഷകയായ സിജിമോൾ പറഞ്ഞു. കേസിനെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും ഉന്നതരായ പ്രതികളെ സംരക്ഷിക്കുകയാണ് എന്നാണ് ആരോപണം. കേസ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണം എന്നാണ് ആവശ്യമെന്നും സിജി മോൾ പറഞ്ഞു.
Content Highlights: kilimanoor accident; The police have registered cases against the protesters