'പൊതുസമൂഹത്തിന് നികത്താന്‍ ആവാത്ത നഷ്ടം'; കാനത്തില്‍ ജമീലയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് സഭ

കഴിഞ്ഞ നവംബര്‍ 29നാണ് കാനത്തില്‍ ജമീല അന്തരിച്ചത്

തിരുവനന്തപുരം: അന്തരിച്ച കാനത്തില്‍ ജമീല എംഎല്‍എക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭ. സ്പീക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചന പ്രസംഗം നടത്തി. പൊതുസമൂഹത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് കാനത്തില്‍ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ അതേ ഗൗരവത്തോടെ സഭയില്‍ അവതരിപ്പിച്ചു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്താണ് എല്ലാ കാലത്തും ജമീല ഉണ്ടായിരുന്നത്.

കരുത്തയായ സംഘാടക, മികച്ച വാഗ്മി തുടങ്ങിയ നിലയില്‍ ജമീല ശ്രദ്ധേയയായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കൊയിലാണ്ടി എംഎല്‍എ ആയിരിക്കെയാണ് കഴിഞ്ഞ നവംബര്‍ 29ന് കാനത്തില്‍ ജമീല അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സഭയില്‍ ഇന്ന് ചരമോപചാരമല്ലാതെ മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കില്ല. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നാളെ മുതല്‍ നടക്കും.

ഇന്നലെ തുടങ്ങിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നു. ഇതിൽ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഗവര്‍ണര്‍ വായിച്ചു. ഇതിനിടെ അസാധാരണ നീക്കങ്ങളുമുണ്ടായി. മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തുമായിരുന്നു ഗവർണർ നയപ്രഖ്യാപനം നടത്തിയത്.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നു, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയത്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കിയിയിരുന്നു.

ഈ ഭാഗങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയുമായിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തെന്നും ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlights: kanathil jameela mla remembered in kerala legislative assembly

To advertise here,contact us