മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ കോൺഗ്രസ് സീറ്റുകളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം. തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ നോട്ടമിട്ടിരിക്കയാണ് കോൺഗ്രസ് നേതാക്കൾ. പൊന്നാനിയിൽ കെ പി നൗഷാദ് അലി, സിദ്ദിഖ് പന്താവൂർ, ഇ പി രാജീവ് എന്നിവരാണ് പരിഗണനയിലുള്ളത്. തവനൂരിൽ യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹനും ഹാരിസ് മുതൂരും, എ എം രോഹിത്തുമാണ് സാധ്യത പട്ടികയിലുള്ളത്.
തവനൂരിലോ പൊന്നാനിയിലോ, പാർട്ടി പറയുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് പി ടി അജയ് മോഹൻ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. തവനൂരിൽ മുഴുവൻ പഞ്ചായത്തിലും ഇത്തവണ യുഡിഎഫ് ആണ് വിജയിച്ചത്. നിലവിൽ എൽഡിഎഫിന്റെ കെ ടി ജലീലാണ് ഇവിടെനിന്നുള്ള എംഎൽഎ. കഴിഞ്ഞ മൂന്ന് തവണയും ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ.
കഴിഞ്ഞ നാല് തവണയും ഇടതിനൊപ്പം നിന്ന പൊന്നാനി മണ്ഡലത്തിലും യുഡിഎഫിന് ഇത്തവണ വിജയപ്രതീക്ഷയുണ്ട്. അതേസമയം വണ്ടൂരിൽ എ പി അനിൽ കുമാറും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും തുടരും.
Content Highlights: Candidate discussions are active in the Congress seats in Malappuram for the Assembly elections