മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് മലപ്പുറം ചെയർമാൻ പി ടി അജയ് മോഹൻ. മതസൗഹാർദത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്ന് അജയ് മോഹൻ പറഞ്ഞു.
'മലപ്പുറം ജില്ലയിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്കപ്പുറം ജനങ്ങൾ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ ഹൈന്ദവനായ താനും ഡിസിസി പ്രസിഡന്റ് ക്രിസ്ത്യാനിയായ ജോയ്യും ആയിട്ടുള്ള ഈ ജില്ലയുടെ രാഷ്ട്രീയ സാംസ്കാരിക യാഥാർത്ഥ്യം' അജയ് മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.
തെക്കൻ ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അന്ന് സഹായവുമായി എത്തിയത് മലപ്പുറം ജില്ലക്കാരാണ്. അത് സജി ചെറിയാൻ മറന്നുപോകരുതെന്നും മലപ്പുറത്തെ കരുവാക്കി രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും അജയ് മോഹൻ പറഞ്ഞു.
മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോയെന്നും നിശബ്ദത സമ്മതമല്ലേയെന്നും അജയ് മോഹൻ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
കാസർകോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. പരാമർശം വിവാദമായെങ്കിലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു സജി ചെറിയാന്റെ വിശദീകരണം.
പി ടി അജയ് മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ ?നിശ്ശബ്ദത സമ്മതമല്ലേ?മലപ്പുറം ജില്ലയെ കുറിച്ച് ശ്രീ. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ അത്യന്തം ദൗർഭാഗ്യകരവും യാഥാർത്ഥ്യവിരുദ്ധവുമാണ്. മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. മലപ്പുറം ജില്ലയിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്കപ്പുറം ജനങ്ങൾ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മലപ്പുറം ജില്ലാ UDF ചെയർമാൻ ഹൈന്ദവനായ ഞ്ഞാനുംDCC പ്രസിഡൻറ് ക്രിസ്ത്യാനിയായ ജോയും ആയിട്ടുള്ള ഈ ജില്ലയുടെ രാഷ്ട്രീയ സാംസ്കാരിക യാഥാർത്ഥ്യം. ഇവിടെ നേതൃസ്ഥാനങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.കേരളത്തിലെ സാഹോദര്യത്തിന്റെയും മാനവികതയുടെയും ഉത്തമ ഉദാഹരണമായ ശ്രീ പാണക്കാട് സയ്യിദ് സാദിക്കലി തങ്ങൾ ഉൾപെടയുള്ള നേതൃനിരയാണ് ഈ കേരളത്തിലുള്ളത്മലപ്പുറം വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഇടമല്ല; മലപ്പുറം സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടാണ്. ഇവിടെ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് ഉത്സവങ്ങളും ദുഃഖങ്ങളും പങ്കുവെച്ച് ജീവിക്കുന്ന ഒരു മഹത്തായ സംസ്കാരമാണ് നിലനിൽക്കുന്നത്.തെക്കൻ ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അന്ന് സഹായവുമായി എത്തിയത് മലപ്പുറം ജില്ലക്കാരാണ് അത് സജി ചെറിയാൻ മറന്നുപോവരുത് സംസ്ഥാനത്തെ യഥാർത്ഥ ഭരണപരാജയങ്ങളും വികസനമില്ലായ്മയും മറയ്ക്കാൻ മതപരമായ വികാരം ഇളക്കിവിടുന്ന പ്രസ്താവനകൾ നടത്തുന്നത് സി.പി.എം. നേതൃത്വത്തിന്റെ പതിവായി മാറിയിരിക്കുകയാണ്. മലപ്പുറത്തെ കരുവാക്കി രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയും. മലപ്പുറത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഇവിടെ നിലനിൽക്കുന്ന സൗഹാർദ്ദത്തിന്റെയും ജനകീയ ഐക്യത്തിന്റെയും ചരിത്രം മനസ്സിലാക്കാൻ ശ്രീ. സജി ചെറിയാൻ തയ്യാറാകണം.മലപ്പുറം ഒരിക്കലും വർഗീയതയ്ക്ക് വഴങ്ങില്ല. ഇത് സ്നേഹത്തിന്റെ, ഐക്യത്തിന്റെ, മാനവികതയുടെ നാടാണ്??പിടി അജയ് മോഹൻ
Content Highlights: Malappuram UDF Chairman P T Ajay Mohan strongly criticized Minister Saji Cherian’s controversial remarks