പ്രസംഗത്തിലുണ്ടായിരുന്നത് അർധസത്യങ്ങൾ, അത് വായിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു: വിശദീകരണവുമായി ലോക്ഭവൻ

'പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമോ എന്ന് നോക്കിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്തിയില്ല'

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിക്കാതെ വിട്ടതില്‍ വിശദീകരണവുമായി ലോക്ഭവന്‍. പ്രസംഗത്തില്‍ ഉണ്ടായിരുന്നത് അര്‍ധസത്യങ്ങളാണെന്നും അത് വായിക്കില്ലെന്ന് നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നുമാണ് ലോക്‌ഭവന്‍റെ വിശദീകരണം. പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമോ എന്ന് നോക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്തിയില്ല. അതുകൊണ്ടാണ് ചില ഭാഗങ്ങള്‍ വിട്ടുകളഞ്ഞതെന്നും ലോക്‌ഭവൻ വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഗവര്‍ണര്‍ വായിച്ചത്. ഇതിനിടെയാണ് അസാധാരണ നീക്കങ്ങളുണ്ടായത്. മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തുമായിരുന്നു ഗവർണർ നയപ്രഖ്യാപനം നടത്തിയത്.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നു, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയത്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കിയിയിരുന്നു. ഈ ഭാഗങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയുമായിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തെന്നും ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight; Lok Bhavan issues explanation for not reading criticisms against the Centre in the policy speech

To advertise here,contact us