സജി ചെറിയാൻ സംസ്കാരമില്ലാത്ത മന്ത്രി, അദ്ദേഹത്തിന് നെല്ലിക്കാത്തളം വെക്കേണ്ടിവരും: അലോഷ്യസ് സേവ്യർ

പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നതെന്നും അലോഷ്യസ് സേവ്യർ

കാസർകോട്: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാൻ സംസ്‌കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.

പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നത്. പിണറായി വിജയന്റെ ആശിർവാദമില്ലാതെ ഇത്തരം പരാമർശം അദ്ദേഹം നടത്തില്ല. സാമുദായിക നേതാക്കൾ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണം. എല്ലാ വർഗീയ പ്രചാരണവും സർക്കാർ സ്‌പോൺസേർഡ് ആണെന്നും അലോഷ്യസ് പറഞ്ഞു.

കേരളം ദൈവത്തിന്റെ സ്വന്തം നാടായി മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുട്ടനാടിന്റെ പണി പിണറായി വിജയൻ അവസാനിപ്പിക്കണം. കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണ് പിണറായി വിജയൻ. അത് അവസാനിപ്പിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമർശം. വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നെങ്കിലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നതായിരുന്നു സജി ചെറിയാന്‍റെ നിലപാട്.

Content Highlights:‌ KSU State President Aloshious Xavier came out with strong criticism against Minister Saji Cherian’s controversial remarks

To advertise here,contact us