കിളിമാനൂരിലെ വാഹനാപകടം; രജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാർ, പൊലീസിനെതിരെ ആരോപണം

വാഹനം ഒടിച്ച ആളെ കണ്ടെത്തിയില്ലെന്നും ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നുവെന്നും ദമ്പതികളുടെ കുടുംബം ആരോപിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ മരിച്ച രജിത്തിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ച് നാട്ടുകാര്‍. ജനുവരി മൂന്നിന് കിളിമാനൂര്‍ പാപ്പാലയിലുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലാണ് പ്രതിഷേധം. അപകടത്തില്‍ ദുരൂഹത ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. അപകടത്തിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ അംബിക ജനുവരി ഏഴിന് മരിച്ചു. ചികിത്സയിലിരുന്ന രജിത് ഇന്നലെ മരിച്ചു.

സംഭവത്തില്‍ അപകടമുണ്ടാക്കിയ മഹീന്ദ്ര ഥാര്‍ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ നിന്ന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി കാര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് പ്രതി ചേര്‍ത്തത് സര്‍ക്കാര്‍ ജീവനക്കാരനല്ലാത്ത ഒരാളെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വാഹനം ഒടിച്ച ആളെ കണ്ടെത്തിയില്ലെന്നും ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നുവെന്നും ദമ്പതികളുടെ കുടുംബം ആരോപിച്ചു. അപകടത്തില്‍ അന്വേഷണമുണ്ടാകണമെന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് രജിത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ജനുവരി മൂന്നിനാണ് രജിത്തിന്റെയും ഭാര്യ അംബികയുടെയും മരണത്തിന് കാരണമായ അപകടമുണ്ടാകുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും അനുബന്ധ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ അംബികയുടെ തലയുടെ മുകളിലൂടെ ഥാര്‍ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു. അതേസമയം അപകടത്തിന് പിന്നാലെ പൊലീസ് ഥാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രി അജ്ഞാതര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ഈ വാഹനം കത്തിച്ചിരുന്നു. ഇക്കാര്യത്തിലും ദുരൂഹതയുള്ളതായി നാട്ടുകാർ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസുകാര്‍ പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

Content Highlight; Locals protest on Kilimanoor MC Road with Rajan’s body, allege police inaction

To advertise here,contact us