നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ വായിച്ച് ഗവർണർ, നിയമസഭാ സമ്മേളനത്തിന് തുടക്കം

കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഗവർണർ വായിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഗവർണർ വായിച്ചു.

പത്ത് വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഗവർണർ, നവകേരളത്തെ കുറിച്ചും പരാമർശിച്ചു. അതിദാരിദ്ര്യമുക്ത പദ്ധതി നേട്ടമായെന്ന് ഗവർണർ പറഞ്ഞു. ജനം ആദ്യം എന്നതാണ് സർക്കാർ നയം. കേരളത്തിലെ ശിശുമരണനിരക്ക് വികസിത രാജ്യങ്ങളേക്കാൾ കുറവാണ്. സാമ്പത്തിക മേഖലയുടെ വളർച്ചയുടെ പ്രധാന ശക്തി തദ്ദേശ സ്ഥാപനങ്ങളാണ്. കേരളം വികസനപാതയിൽ കുതിക്കുകയാണ്. പത്ത് വർഷം മികച്ച മുന്നേറ്റമാണുണ്ടായത്. ഇത് നിർണായക വർഷമാണെന്നും ഗവർണർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര പരിഷ്‌കരണത്തെ കുറിച്ച് പരാമർശിച്ച ഗവർണർ, തൊഴിലുറപ്പ് പദ്ധതി ഭേദഗതി തിരിച്ചടിയായെന്നും പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമപ്രകാരം കേന്ദ്ര വിഹിതം കുറഞ്ഞു. പുതിയ പദ്ധതിയെ കുറിച്ചുളള ആശങ്ക കേന്ദ്രത്തെ അറിയിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി പഴയ രീതിയിൽ തുടരണമെന്നും ഗവർണർ പറഞ്ഞു.

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണ്. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. കൃത്യമായ കാരണങ്ങളില്ലാതെ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ കേന്ദ്രം തടഞ്ഞുവെച്ചു. കടമെടുപ്പ് പരിധി കുറച്ചു. യു എസിന്റെ താരിഫ് നിരക്ക് വർധിപ്പിച്ച നടപടിയും കേരളത്തെ ബാധിച്ചു. 2500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. മത്സ്യ, സ്‌പൈസസ്, റബ്ബർ മേഖലകളെ ഇത് ബാധിച്ചു. ജിഎസ്ടി വിഹിതത്തിൽ കുറവുണ്ടായി. ജിഎസ്ടി പരിഷ്‌കരണം സംസ്ഥാനത്തിന്‍റെ വരുമാനത്തിലെ കുറവിന് കാരണമായി. വായ്പാ പരിധി കേന്ദ്രം കുറച്ചതും തിരിച്ചടിയായി. വായ്പയിൽ 17000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേന്ദ്ര പദ്ധതികളിലെ കേരളത്തിന്റെ വിഹിതമായി 5615.45 കോടി ഇനിയും കിട്ടാനുണ്ട്. സംസ്ഥാനത്ത് ധൂർത്തെന്ന ആരോപണം തെറ്റാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സാമ്പത്തിക നയമാണെന്നും ഗവർണർ വിശദീകരിച്ചു.

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളം അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തി. സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഭൂമിയില്ലാത്തവർക്കും വീടില്ലാത്തവർക്കും സഹായം നൽകി.10 വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം പട്ടയങ്ങൾ നൽകി. ഇതിലൂടെ ഒരു പുതിയ കേരള മോഡൽ കൂടി കേരളം മുന്നോട്ട് വെച്ചു. 10 വർഷത്തിൽ പവർകട്ട് ഇല്ലാതായി ക്രമസമാധാന പരിപാലനം മെച്ചപ്പെട്ടു. വന്യജീവി പ്രശ്‌നം നേരിടാൻ നടപടികൾ സ്വീകരിക്കുകയും ബാധിക്കപ്പെട്ട കർഷകർക്ക് സഹായധനം നൽകുകയും ചെയ്തു. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തി. സാമൂഹിക നീതിയിലൂന്നിയ വികസനമാണ് സർക്കാർ നയമെന്നും ഗവർണർ വ്യക്തമാക്കി.

കേന്ദ്രനയം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ അടക്കം ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലും വികസനം അടിസ്ഥാന വികസനം കിഫ്ബി വഴി നടപ്പാക്കി. ആർദ്രം മിഷൻ നടപ്പാക്കി. 700 ഡിസ്‌പെൻസറികൾ ആയുഷ് കേന്ദ്രങ്ങളാക്കി മാറ്റി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. ടെലി മെഡിസിൻ സംവിധാനം നടപ്പാക്കി. പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തി. കാരുണ്യ പദ്ധതി പ്രകാരം അർഹരായവർക്ക് സഹായം നൽകി, തുടങ്ങിയ പത്ത് വർഷത്തെ വികസന നേട്ടങ്ങളും ഗവർണർ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമ്പത്തികമേഖല വളർച്ചയുടെ പാതയിലാണെന്ന് വ്യക്തമാക്കിയ ഗവർണർ കേന്ദ്ര ധനകാര്യ കമ്മിഷനിലെ സമ്മർദം ഫെഡറലിസത്തിന് എതിരാണെന്നും പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങൾക്കുമേൽ കൈകടത്തുന്നു. അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ കേരളം ആശങ്ക അറിയിച്ചതാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പരാമർശിച്ചു.

രാവിലെ ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എൻ ഷംസീറും ചേർന്ന് സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്ര അവഗണനയെ ചൂണ്ടിക്കാണിച്ചുള്ള വിമർശനങ്ങൾ ഗവർണർ വായിച്ചേക്കില്ലെന്ന ഊഹാപോഹങ്ങൾക്കിടെയാണ് അവയെല്ലാം നയപ്രഖ്യാപനത്തിൽ ഗവർണർ വായിച്ചത്.

Content Highlights:‌ kerala legislative assembly meeting starts today

To advertise here,contact us