ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ ഒരു സത്യവിശ്വാസിക്കും കഴിയില്ല: ജമാഅത്തെ ഇസ്‌ലാമി അംഗം

ഇസ്‌ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

മലപ്പുറം: ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ വിശ്വാസികള്‍ക്ക് സാധിക്കില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി. മുസ്‌ലിം ഭൂരിപക്ഷമല്ലാത്ത പ്രദേശത്തും ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സത്യവിശ്വാസികള്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയില്ലെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

'പ്രവാചകനാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. അതിന്റെ ആസ്ഥാനം മദീനയായിരുന്നു. ഒരു തുള്ളി ചോര പോലും ചീന്താതെയാണ് അത് സ്ഥാപിതമായത്. അതിന്റെ നായകനെ അന്നാട്ടുകാര്‍ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു, മദീനത്തുന്നബി. അത് ഒരു ആദര്‍ശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്‌ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് മുസ്‌ലിം ജനസംഖ്യ നാലു ശതമാനത്തില്‍ താഴെയായിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല', ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക് റിപ്പബ്ലിക്ക് വാദത്തെ തള്ളിപ്പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ വക്താക്കളാണെന്ന് കാന്തപുരം പറഞ്ഞിരുന്നു. നയം മാറ്റിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നേരത്തെയും കാന്തപുരം രംഗത്തെത്തിയിരുന്നു.

Content Highlights: A member of Jamaathe Islami has publicly expressed support for the Islamic Republic

To advertise here,contact us