'ആനുകൂല്യം വർധിപ്പിക്കാത്തത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം, ശമ്പളം കൊടുക്കുന്നത് പോലും കഷ്ടപ്പെട്ട്'

'ആദ്യം കെഎസ്ആർടിസി 31-ാം തിയതി ശമ്പളം കൊടുത്തത് അച്ഛന്‍റെ കാലത്ത്, പിന്നീട് മകന്‍ വന്നപ്പോഴാണ് 31-ാം തിയതി ശമ്പളം കിട്ടുന്ന സാഹചര്യം കെഎസ്ആര്‍ടിസിയില്‍ ഉണ്ടാകുന്നത്'

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കാത്തത് സാമ്പത്തിക ബുദ്ധിമുട്ട് കാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡിഎ തരാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കൃത്യമായി ശമ്പളം കൊടുക്കുന്നത് പോലും ബുദ്ധിമുട്ടിയാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ മരണം ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്നും മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലും ഇത് കാണാനാവില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.

'അധ്വാനിക്കുന്നവര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കണമെന്ന് സ്വപ്‌നം കണ്ടയാളാണ് ഞാന്‍. എന്റെ അച്ഛനൊരു തൊഴിലാളി നേതാവായിരുന്നു. കെഎസ്ആര്‍ടിസി നേതാക്കള്‍ക്ക് 31-ാം തിയതി ശമ്പളം കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു ദീർഘകാലത്തേക്ക് അദ്ദേഹം. അന്നായിരുന്നു കേരളത്തില്‍ ആദ്യമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തിയതി ശമ്പളം ലഭിച്ചിരുന്നത്. പിന്നീട് മകന്‍ വന്നപ്പോഴാണ് 31-ാം തിയതി ശമ്പളം കിട്ടുന്ന സാഹചര്യം കെഎസ്ആര്‍ടിസിയില്‍ ഉണ്ടാകുന്നത്.' കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു.

ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടും ജനങ്ങളുടെ സഹകരണം കൊണ്ടും കെഎസ്ആര്‍ടിസി നന്നായി പോവുകയാണ്. കാറെടുത്ത് പോയിരുന്നവര്‍ കെഎസ്ആര്‍ടിസിയുടെ സൗകര്യങ്ങളും ജീവനക്കാരുടെ പെരുമാറ്റ മികവും കണ്ട് യാത്ര ബസിലേക്ക് മാറ്റി. വൃത്തിയുള്ള ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, നല്ല ശുചിമുറികള്‍ എന്നിവ വന്നപ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ കുടുംബത്തോടെ സഞ്ചരിക്കാന്‍ പോലും കെഎസ്ആര്‍ടിസിയുടെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

കേരളത്തിലെ നാഷണല്‍ ഹൈവേ റോഡുകളുടെ പണി കൂടി പൂര്‍ത്തിയായാല്‍ ബസുകള്‍ക്ക് കൃത്യസമയത്ത് തന്നെ ഓടാന്‍ കഴിയും. ആയിരത്തിലധികം ആളുകളാണ് അടുത്ത മാസം പെന്‍ഷന്‍ പറ്റാനിരിക്കുന്നത്. ആരും പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടാല്‍ അതിലും ചില പ്രശ്‌നങ്ങളുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ പറഞ്ഞ് പലരും ഉഴപ്പും. അത്തരക്കാര്‍ സ്വയം പിരിഞ്ഞ് പോകാന്‍ തയ്യാറാകണം അല്ലെങ്കില്‍ ജോലിക്ക് വരണം. ഒരു വിഭാഗം കഠിനാധ്വാനം ചെയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ സുഖമായി ഇരിക്കുന്നത് അംഗീകരിക്കാനാവില്ല. പിഎസ്‌സി വഴി ഇനി ആളെ എടുക്കുമ്പോള്‍ പൊലീസിലേത് പോലെ ഫിസിക്കല്‍ ടെസ്റ്റ് നടത്തുന്നത് നിര്‍ബന്ധമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; K B Ganesh Kumar says that the reason for not increasing the benefits of KSRTC employees is financial difficulties

To advertise here,contact us