ജി സുധാകരന് പുതിയ ചുമതല; ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയിലാണ് ജി സുധാകരനെ ഉള്‍പ്പെടുത്തിയത്

ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ ചേര്‍ത്തുപിടിക്കാന്‍ സിപിഐഎം. ജി സുധാകരന് വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയില്‍ ജി സുധാകരനെ ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി ആവശ്യപ്പെടുമോ എന്നറിയില്ലെന്നും ആവശ്യപ്പെട്ടപ്പോഴൊന്നും താൻ മത്സരിക്കാതിരുന്നിട്ടില്ലെന്നുമാണ് ജി സുധാകരന്‍ പറഞ്ഞത്. വിജയ സാധ്യതയുള്ളവര്‍ മത്സരിക്കണമെന്ന ആവശ്യം പറയുമ്പോള്‍ സ്വാഭാവികമായും തന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. 'സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ആദ്യം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യണം. പിന്നീടുള്ള തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഒരു കാലത്തും സ്ഥാനാര്‍ത്ഥിയാകണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി മത്സരിപ്പിച്ചതും സ്ഥാനങ്ങള്‍ തന്നതും ആവശ്യം ഉന്നയിച്ചിട്ടല്ല. കഴിഞ്ഞ രണ്ട് തവണയും കേരളം ഭരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ രണ്ട് തവണയിലെ ഭരണത്തെ താരതമ്യം ചെയ്ത് പാര്‍ട്ടിയില്‍ ആരും സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല' എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു ജി സുധാകരൻ. പൊതുപരിപാടികളിൽ പാർട്ടിയെ വിമർശിച്ച് സംസാരിക്കുന്നത് സിപിഐഎമ്മിന് തലവേദനയായിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രശംസിച്ച് പരാമർശം നടത്തിയതും വിവാദമായിരുന്നു. തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുനയ നീക്കവുമായി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി സുധാകരൻ നിലവിൽ വിശ്രമത്തിലാണ്. അതിനിടെയാണ് പാർട്ടി പുതിയ ചുമതലകൾ നൽകാൻ തീരുമാനിച്ചത്.

Content Highlights: cpim move to accommodate g sudhakaran gives him role in alappuzha polls

To advertise here,contact us