ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ: നറുക്കെടുപ്പിന് മുന്നേ സർക്കാറിന് കോളടിച്ചു: വില്‍പ്പനയില്‍ മുന്നില്‍ പാലക്കാട്

നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ വില്പന 48 ലക്ഷം കടന്നു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് - പുതുവത്സര ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പന. നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ വില്പന 48 ലക്ഷം കടന്നു. നറുക്കെടുപ്പിന് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതോടെ സർക്കാർ ഖജനാവിലേക്ക് കോടികളാണ് എത്തുന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇരുപതു കോടി രൂപയാണ് ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

ആദ്യ ഘട്ടത്തില്‍ ക്രിസ്തുമസ് - പുതുവത്സര ബംപറിന്റെ 30 ലക്ഷം ടിക്കറ്റുകളായിരുന്നു വില്‍പ്പനക്ക് എത്തിച്ചത്. വന്‍ സ്വീകാര്യ ലഭിച്ചതോടെ കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് പുറത്തിറക്കി. സമ്മാനഘടനയില്‍ വരുത്തിയ മാറ്റമാണ് ടിക്കറ്റ് വില്‍പ്പന കുതിച്ചുയരാന്‍ കാരണമെന്നാണ് വില്‍പ്പനക്കാർ ചൂണ്ടിക്കാട്ടുന്നത്.സമ്മാനർഹമ്മായ ടിക്കറ്റ് വില്‍ക്കുന്ന 22 പേരെ കോടീശ്വരന്‍മാരാക്കുന്നതാണ് ബംപര്‍ ലോട്ടറിയുടെ സമ്മാന ഘടന.

ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ലോട്ടറി ഏജന്റുമാരുടെ ഭാഗത്ത് നിന്നും വന്‍ പ്രതിഷേധമാണുണ്ടയത്. തുടർന്ന് സമ്മാന ഘടനയില്‍ മാറ്റം വരുത്തുന്നതില്‍ നിന്നും സർക്കാർ പിന്മാറുകയായിരുന്നു. ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുകയില്‍ 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ ആലോചന. എന്നാല്‍ ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധം കണക്കിലെടുത്ത് വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.

Content Highlights: Christmas–New Year Bumper Lottery 2025 has witnessed record-breaking ticket sales across Kerala, with Palakkad district leading in sales.

To advertise here,contact us