കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; വിനോദ് താവ്‌ഡേയ്ക്ക് ചുമതല, ശോഭ കരന്തലജെയ്ക്ക് സഹചുമതല

വെള്ളിയാഴ്ച്ച പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ ചടുല നീക്കം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കാണ് സഹചുമതല. ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം. വെള്ളിയാഴ്ച്ച നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.

നിതിന്‍ നബിന്‍ ചുമതലയേറ്റതിന് പിന്നാലെ കേരളത്തിലെ ബിജെപി നേതാക്കളുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെട്ട കൂടിക്കാഴ്ച്ചയില്‍ പല സുപ്രധാന തീരുമാനങ്ങളുമെടുത്തതായാണ് സൂചന. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഏറ്റവും വേഗത്തില്‍ ആരംഭിക്കണമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ആദ്യപടി എന്നോണമാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഹാറിലും വിനോദ് താവ്‌ഡേക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേരളം പിടിക്കാനും അദ്ദേഹത്തെ തന്നെ ഇറക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

നിതിന്‍ നബിന്‍ ചുമതലയേല്‍ക്കുന്ന പരിപാടിയിൽ വച്ച് തന്നെ കേരളം ബിജെപിയുടെ പ്രധാന ലക്ഷ്യമാണ് എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വന്തമാക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് കേരളം സ്വന്തമാക്കാന്‍ പറ്റില്ല എന്നും നരേന്ദ്ര മോദി ചോദിച്ചിരുന്നു. ദേശീയ അധ്യക്ഷനുള്ള വലിയ ചുമതലയായി തന്നെയാണ് പ്രധാനമന്ത്രി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ ചടുല നീക്കം.

Content Highlight; BJP national president Nitin Nabin names Vinod Tawde as Kerala poll in-charge in first major post-election move

To advertise here,contact us