തിരുവനന്തപുരം: വിവാദ പരാമര്ശത്തില് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മന്ത്രി നടത്തിയത് വിദ്വേഷ പ്രസ്താവനയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും വി ഡി സതീശന് പറഞ്ഞു. ആദ്യം എ കെ ബാലന്, ഇപ്പോള് സജി ചെറിയാന്. ഇരുവരുടേതും വര്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന ആപത്കരമായ പ്രസ്താവനകളെന്ന് വി ഡി സതീശന് പറഞ്ഞു.
ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെയാണ് സിപിഐഎം യാത്ര ചെയ്യുന്നത്. അതിന് മുഖ്യമന്ത്രി കുടപിടിക്കുന്നു. രണ്ടു പ്രസ്താവനകളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരളത്തിന്റെ ചരിത്രത്തില് നിയമസഭാംഗമായിരിക്കെ ഒരാള് ഇത്തരമൊരു വര്ഗീയ പ്രസ്താവന നടത്തിയിട്ടില്ല. ജയിച്ചുവരുന്നയാളുടെ മതം നോക്കാന് പറഞ്ഞ ക്രൂരമായ പ്രസ്താവനയാണ് സജി ചെറിയാന്റേത്. വര്ഗീയത ആളിക്കത്തിക്കാന് കാത്തുനില്ക്കുന്നവരുടെ കയ്യില് തീപന്തമാണ് ഇവര് എറിഞ്ഞുകൊടുക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
പിണറായി വിജയനും വി ഡി സതീശനും കുറേനാള് കഴിഞ്ഞാല് രാഷ്ട്രീയത്തില് നിന്നും ഇല്ലാതാവും, ഓര്മ മാത്രമാകും. കേരളം അപ്പോഴും ഉണ്ടാകും. കേരളത്തിന്റെ അടിത്തറയ്ക്ക് തീക്കൊളുത്തുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. വരും തലമുറയോടുള്ള ക്രൂരതയാണിത്. വിഷമിപ്പിക്കുന്ന പ്രസ്താവനയാണ് ഉത്തരവാദിത്തപ്പെട്ടവരില് നിന്നും ഉണ്ടാകുന്നത്. എന്താണ് ഇവരും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം. വര്ഗീയതയ്ക്കെതിരെ നിലപാട് എടുത്തതിന്റെ പേരില് ഏത് ആക്രമണത്തെയും ഏത് കുന്തമുനയെയും നേരിടാന് തയ്യാറാണ്. വര്ഗീയതയോട് ഏറ്റുമുട്ടി തോറ്റ് നിലത്തുവീണാലും വിരോചിതമായ ചരമമായിരിക്കും. ഭയമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഴുവന് സമുദായ നേതാക്കളെയും ഇപ്പോഴും കാണാന് പോകാറുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്ചാണ്ടിയും അടക്കമുള്ള നേതാക്കളുടെ നിര്ദേശപ്രകാരമാണ് മുന്പ് പോയത്. വോട്ട് ജനങ്ങള് നല്കുന്നതാണ്. ഒരു സമുദായത്തേയും തള്ളിപ്പറഞ്ഞിട്ടില്ല. ജമാ അത്തെ ഇസ്ലാമി സിപിഐഎമ്മിന്റെ കൂടെയായിരുന്നപ്പോള് ആഭ്യന്തരം ഭരിച്ചിരുന്നത് അവരായിരുന്നോ. എങ്കില് സൂക്ഷിക്കണമെന്നും വി ഡി സതീശന് പറഞ്ഞു. വ്യക്തിപരമായി നഷ്ടം വന്നാലും നിലപാടില് വെള്ളം ചേര്ക്കില്ല. വര്ഗീയത പറയുമ്പോള് മിണ്ടാതിരിക്കുന്നതിലും നല്ലത് ഈ പണി നിര്ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: Saji Cherian's diving people through Hate Speech said V D satheesan