കൊച്ചി: ശബരിമല സ്വര്ണക്കൊളള കേസില് അഞ്ച് പേര് കൂടി നിരീക്ഷണത്തിലുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക കേസില് മൂന്നുപേരും കട്ടിളപ്പാളി കേസില് രണ്ട് പേരുമാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്നും നിലവില് ശേഖരിച്ച തെളിവുകള് ഇവര്ക്കെതിരാണെന്നും എസ്ഐടി അറിയിച്ചു. സ്വര്ണക്കൊളള കേസില് കൂടുതല് അറസ്റ്റുണ്ടാകുമെന്ന സൂചന നല്കുന്നതാണ് എസ്ഐടി റിപ്പോര്ട്ട്. സ്വര്ണക്കൊളളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്ദേശം.
ശബരിമല സ്വര്ണക്കൊളളക്കേസിൽ ആശങ്കകള് അടിസ്ഥാനമുളളതാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. പാളികൾ മാറിയെന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശങ്കകള് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടെന്നും സ്വര്ണക്കവര്ച്ചയ്ക്കായി എടുത്ത തീരുമാനത്തിന്റെ കണ്ണികള് തിരിച്ചറിഞ്ഞെന്നും കോടതി പറഞ്ഞു. സ്വര്ണക്കവര്ച്ചയുടെ സാങ്കേതിക വിവരങ്ങള് ഇപ്പോള് പുറത്തുവിടാനാകില്ല. എസ്ഐടിയുടെ അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയില് സ്വര്ണക്കൊള്ള നടന്നെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാളികളിലെ സ്വര്ണത്തില് വ്യത്യാസം കണ്ടെത്തി. 1998ല് പൊതിഞ്ഞ സ്വര്ണത്തിന്റെ അളവ് കുറഞ്ഞുവെന്നാണ് വിഎസ്എസ്സി തയ്യാറാക്കിയ റിപ്പോര്ട്ടിലെ കണ്ടെത്തല്. ശബരിമല സ്വര്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്ണം കുറവാണെന്ന് കണ്ടെത്തി. 1998 ല് സ്വര്ണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വര്ണക്കുറവ് കണ്ടെത്തിയത്.
Content Highlights: sabarimala gold theft case sit says five more people under close surveillance now