ഇടുക്കി: സിപിഐഎം വിട്ട മുന് എംഎല്എ എസ് രാജേന്ദ്രന് ദേവികുളത്ത് എന്ഡിഎ സ്ഥാനാര്ത്ഥിയായേക്കും. തോട്ടം തൊഴിലാളി വോട്ടുകള് സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തല്. അടുത്തമാസം ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ മൂന്നാറിലെത്തും. കൂടുതല്പ്പേരെ ബിജെപിയില് എത്തിക്കാനാണ് ശ്രമം. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തില് മൂന്നാറില് ഉടന് സഹകരണ ബാങ്ക് ആരംഭിക്കും.
ഹൈറേഞ്ചിലെ പ്രശ്നങ്ങള് തീര്ക്കാന് ഇടപെടുമെന്ന് ബിജെപി ഉറപ്പ് നല്കിയതായി എസ് രാജേന്ദ്രന് പ്രതികരിച്ചിരുന്നു. താന് ആരേയും ഒപ്പം ക്ഷണിച്ചിട്ടില്ല. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില് നിന്ന് ആരേയും അടര്ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നും രാജേന്ദ്രന് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്തെത്തിയാണ് രാജീവ് ചന്ദ്രശേഖറില് നിന്നും എസ് രാജേന്ദ്രന് ബിജെപി അംഗത്വം സ്വീകരിച്ചത്. 2006, 2011, 2016 കാലയളവില് സിപിഐഎം എംഎല്എയായിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന എ രാജയെ തോല്പിക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്ട്ടി രാജേന്ദ്രനെ സസ്പെന്ഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്ക്കുകയായിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്ട്ടിയില് പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.
Content Highlights: S Rajendran May Contest As nda Candidate in Devikulam