കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില് വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന് കോണ്ഗ്രസ് പ്രതിനിധികളെയും ഉള്പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന 'വിജയോത്സവം 2026 മഹാപഞ്ചായത്ത്' ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില് ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്. രണ്ട് മണിക്ക് മറൈന്ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്ട്ടിയുടെ മുന്നോട്ടുള്ള പ്രവര്ത്തനങ്ങളില് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്ക്ക് കൂടി ഉത്തരവാദിത്തം നല്കുകയും ചേര്ത്തുനിര്ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഇന്ന് ഉച്ചയ്ക്ക് 12.45ന് ചാര്ട്ടേഡ് വിമാനത്തില് രാഹുല് ഗാന്ധി കൊച്ചിയിലെത്തും.
കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്ശിനി പബ്ലിക്കേഷന്സിന്റെ സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്ന്ന് മറൈന് ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിയോടെ തിരിച്ചുപോകും. 'വിജയോത്സവം' നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കംകൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില് നേടിയ വന്വിജയത്തിന്റെ ആത്മവിശ്വാസത്തില് ഒട്ടും വൈകാതെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളിലേക്ക് കടക്കാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നീക്കം. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.
Content Highlights: rahul gandhi visiting kochi today as part of kerala congress outreach programme