എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വി ഡി സതീശനെതിരല്ല, ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല: സുകുമാരന്‍ നായര്‍

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം മാത്രമാണ് ലക്ഷ്യമെന്ന് സുകുമാരൻ നായർ

പെരുന്ന: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇത്തരത്തില്‍ ചില മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തത് ശരിയല്ലെന്നും ഇതിന്റെ പേരില്‍ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലര്‍ക്ക് നല്‍കിയത് ശരിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം മാത്രമാണ് ലക്ഷ്യം. എന്‍എസ്എസ് -എസ്എന്‍ഡിപിഐ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു സംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും അദ്ദേഹം കുറിച്ചു.

'എന്‍എസ്എസ്സുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ ശരിവച്ചുകൊണ്ട്, എന്‍എസ്എസ് നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം ഐക്യം ആകാമെന്നുള്ള അഭിപ്രായം ആണ് ഞാന്‍ പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ 21-ാം തീയതി എസ്എന്‍ഡിപി നേതൃയോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്ന് ശ്രീ വെള്ളാപ്പള്ളി പറയുകയുമുണ്ടായി.

ഇതിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ ആദ്യം ബന്ധപ്പെട്ടപ്പോള്‍ 89 വയസ് പ്രായമുള്ള, ദീര്‍ഘകാലമായി പ്രബല ഹൈന്ദവസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയനേതാവാണെങ്കിലും അവര്‍ക്കത് ഭൂഷണമല്ലെന്ന് ഞാന്‍ പറയുകയുണ്ടായി.

എന്റെ പ്രസ്താവനയെ 'എന്‍എസ്എസ്-എസ്എന്‍ഡിപി vs വി ഡി സതീശന്‍' എന്ന രീതിയിലേക്ക് മാറ്റിയതായി ഇന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കുന്നു. വിഷയം എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം എന്നുള്ളതാണ്. ഇതിന്റെ പേരില്‍ അനാവശ്യമായ രാഷ്ട്രീയപരിഗണന ആര്‍ക്കെങ്കിലും നല്കിയത് ശരിയായില്ല, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തില്‍എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം യാഥാര്‍ത്ഥ്യമാകാന്‍ ഇരു സംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല.

അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും കടന്നാക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. സതീശനെ അഴിച്ചുവിട്ടാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.   സതീശൻ  ഇന്നലെ പൂത്ത  തകരയെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. എന്നാൽ വർഗീയത പറയുന്നതിനെയാണ് എതിർത്തതെന്നും സമുദായ സംഘടനകൾക്ക് എതിരെല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് നൽകിയ മറുപടി.

Content Highlights: nss sndp unity not against opposition leader vd satheesan says g sukumaran nair

To advertise here,contact us