കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിമര്ശനങ്ങളില് പ്രതികരിച്ച് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സമുദായ നേതാക്കന്മാരുമായി നല്ല സൗഹൃദത്തില് പോകാനാണ് കോണ്ഗ്രസ് ആഗ്രഹിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അവര്ക്കുമായി തര്ക്കത്തിനില്ല. നല്ല സൗഹൃദങ്ങള് എല്ലാവരുമായി നിലനിര്ത്തിക്കൊണ്ടുപോകാന് ശ്രമിക്കും. അഭിപ്രായ വ്യത്യാസങ്ങള് ഉണ്ടെങ്കില് അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്ത്തു.
സിപിഐഎം വര്ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണ്. സജി ചെറിയാന്റെയും എ കെ ബാലന്റെയും പ്രസ്താവനകള്മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തരംതാണ വര്ഗീയ രാഷ്ട്രീയമാണിത്. ഇന്ത്യന് ഭരണഘടനയെ തന്നെ ആക്ഷേപിച്ച വ്യക്തിയാണ് സജി ചെറിയാന്. വാക്കിനും നാക്കിനും യാതൊരു നിയന്ത്രണവുമില്ല. പാര്ട്ടിയുടെ നിലപാടാണോ സജി ചെറിയാന് പറഞ്ഞതെന്ന് പാര്ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ഡി സതീശനെ ആക്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം. സതീശനെ മാത്രമല്ല ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ പാർട്ടിക്ക് പുറത്തുള്ള ആര് വിമർശിച്ചാലും തങ്ങൾ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും കടന്നാക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. സതീശനെ അഴിച്ചുവിട്ടാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. എന്നാൽ വർഗീയത പറയുന്നതിനെയാണ് എതിർത്തതെന്നും സമുദായ സംഘടനകൾക്ക് എതിരെല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് നൽകിയ മറുപടി.
Content Highlights: sunny joseph reacts to attacks on vd satheesan