കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്.
യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Content Highlights: kozhikode deepak death; Complaint filed against the woman who shared the video