പ്രതിപക്ഷ നേതാവിന്‍റേത് കോൺഗ്രസിന്‍റെ അഭിപ്രായം,അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിർക്കും; K മുരളീധരൻ

'സജി ചെറിയാൻ പറഞ്ഞത് പച്ചയായ വർഗീയത, ബിജെപിക്കാർക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വർഗീയത പറയാനായിട്ടില്ല'

തിരുവനന്തപുരം: സാമുദായിക സംഘടനകൾ യോജിക്കുന്നതിൽ തെറ്റില്ല എന്നാൽ സ്വർണം കട്ടവർക്ക് ആരും വോട്ടുചെയ്യില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷനേതാവ് പറയുന്നത് കോൺഗ്രസിന്റെ അഭിപ്രായമാണ്. പ്രതിപക്ഷ നേതാവിന് പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശനെ ആക്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല. ശക്തമായി എതിർക്കുകയും ചെയ്യും. സതീശനെ മാത്രമല്ല ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ പാർട്ടിക്ക് പുറത്തുള്ള ആര് വിമർശിച്ചാലും ഞങ്ങൾ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശവും വിദ്വേഷ പ്രസ്താവനകളെയുമാണ് ഞങ്ങൾ വിമർശിച്ചത്. അത് ഒരു സമുദായത്തിനെതിരായ വിമർശനം അല്ല. വെള്ളാപ്പള്ളി നടേശൻ ഒരു കടുത്ത വർഗീയവാദിയാണ് എന്നൊന്നും താൻ പറയില്ല. അദ്ദേഹത്തിന്റെ വിവാദ പരാമർശത്തോട് മാത്രമാണ് വിമർശിക്കുന്നത്. സാമുദായിക ഐക്യം നല്ലതാണ്. അത് തങ്ങൾക്ക് എതിരാണെന്ന് തങ്ങൾക്ക് തോന്നിയിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

പരിപൂർണമായി സംഘപരിവാർ അജണ്ടയിലേക്ക് മാർക്‌സിസ്റ്റ് പാർട്ടി മാറി എന്നതിന്റെ തെളിവാണ് സജി ചെറിയാന്റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു. പച്ചവർഗീയതയാണ് സജി ചെറിയാൻ പറഞ്ഞത്. ബിജെപിക്കാർക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വർഗീയത പറയാനായിട്ടില്ല. ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നതിൽ എം എ ബേബിയും ഗോവിന്ദനുമടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. എന്നാൽ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോയപ്പോൾ ഒരു അക്ഷരം ആരും മിണ്ടിയില്ല. മാർക്‌സിസ്റ്റ് പാർട്ടി പൂർണമായും സംഘപരിവാറിന്റെ കേരളത്തിലെ ബി ടീം ആയി മാറിയെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമാണ്. കാന്തപുരത്തിന്റെ കേരള യാത്രയുടെ അന്തസ് കെടുത്തും വിധം പ്രസ്താവന നടത്തിയത് പിണറായി വിജയനാണ്. മാറാട് വിഷയം വലിച്ചിഴച്ചപ്പോൾ പ്രതിപക്ഷ നേതാവ് ശക്തമായ മറുപടി നൽകുകയാണ് ഉണ്ടായത് അതിൽ തെറ്റില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന എൻഎസ്എസ് അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Content Highlights:‌ K Muraleedharan reacts on sndp- nss unity and saji cheriyan controversial comment

To advertise here,contact us