'വെള്ളാപ്പള്ളി ഒരുപാട് അനുഭവങ്ങളുള്ള ആൾ, മുഖ്യമന്ത്രി അദ്ദേഹത്തെ കാറിൽ കയറ്റിയതിൽ രാഷ്ട്രീയം കാണേണ്ടതില്ല'

കേരളത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന കുറച്ചുപേരില്‍ ഒരാളാണ് വെള്ളാപ്പള്ളിയെന്ന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും പിന്തുണച്ചും ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനയുടെ മുന്‍ അധിപനായിരുന്ന ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സാമുദായിക ഐക്യം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൊണ്ണൂറ് വയസുള്ള വെള്ളാപ്പള്ളി നടേശന്‍ ഒരുപാട് അനുഭവങ്ങളുള്ള ആളാണ്. കേരളത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന കുറച്ചുപേരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. വൃദ്ധനായ ഒരാളെ കാറില്‍ കയറ്റി എന്ന് മാത്രം കണ്ടാല്‍ മതിയെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യ നീക്കങ്ങളിലും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പ്രതികരിച്ചു. സാമുദായിക ഐക്യം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ശക്തമായ സംഘടനയാണ്. നായര്‍ സമുദായം അങ്ങനെ ചിന്തിക്കുന്നെങ്കില്‍ തങ്ങളെ സംബന്ധിച്ചിടത്തോളം പുനരുജ്ജീവനം പോലെ തോന്നുന്നു. ശക്തമായ നീക്കമായാണ് ഇതിനെ കാണുന്നതെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിക്ക് മൗലികമായ അടിത്തറയുണ്ടെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിയെ അകറ്റി നിര്‍ത്തുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. മുസ്‌ലിം വിഭാഗത്തെ പ്രബലമായ ന്യൂനപക്ഷ സമൂഹമെന്ന നിലയില്‍ ഏറ്റവും അധികം ചേര്‍ത്തുപിടിച്ചിട്ടുള്ളത് ഇടതുപക്ഷമാണെന്നാണ് കരുതുന്നതെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളെ ചേര്‍ത്തുപിടിക്കണം എന്നത് അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിനകത്ത് സഭകളുമായി ആശയവിനമയം നടത്താന്‍ തക്കവിധത്തിലുള്ള ഒരു നേതാവില്ല എന്ന് തോന്നിയിട്ടുണ്ടെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുമായി ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രോപ്പൊലീത്തമാര്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പോഴത്തെ നേതാക്കളുമായി വ്യക്തിപരമായി സ്‌നേഹബന്ധമുണ്ട്. എന്നാല്‍ ഉയർത്തിക്കാട്ടാൻ കഴിയുന്ന ഒരു നേതാവ് ആരാണെന്ന് ചോദിച്ചാല്‍ പറയാന്‍ ഉത്തരമില്ല. ഉമ്മന്‍ചാണ്ടി, കരുണാകരന്‍ പോലെയുള്ള നേതാക്കളുടെ തലയെടുപ്പിലേക്ക് നേതാക്കള്‍ വരേണ്ടതുണ്ടെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് കൂട്ടിച്ചേര്‍ത്തു.

Content Highlights-

To advertise here,contact us