അച്ഛൻ്റെ സഹോദരനെ അക്രമികളിൽ നിന്ന് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു: ഏഴ് പേർ അറസ്റ്റിൽ

അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം: അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതത്തിൽ ഏഴുപേർ അറസ്റ്റിലായി. കേരളപുരം ഗവ. ഹൈസ്കൂളിനു പുറകുവശം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്താ(27)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്‌ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്. സജിത്തിൻ്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്ക് സംഘർഷത്തിൽ ഗുരുതരമായ പരിക്കേറ്റു.

സജിത്തും സഹോദരനും അച്ഛൻ്റെ സഹോദരൻ പവിത്രൻ്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയിൽ വീട്ടിലെത്തിയതായിരുന്നു. അയൽവാസിയായ ഷൈജുവുമായി തർക്കം നടക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികൾ സംഘർഷമുണ്ടാക്കിയപ്പോൾ പവിത്രൻ രക്ഷതേടി പോലീസിൽ അറിയിച്ചു. കണ്ണനല്ലൂർ പോലീസ് എത്തി ഇരുകൂട്ടരെയും താക്കീതുചെയ്‌ത്‌ മടങ്ങിയശേഷമാണ് കൊലപാതകം നടന്നത്.

Content Highlights: A youth was stabbed to death in Kerala while trying to rescue his father’s brother from a group of attackers

To advertise here,contact us