'അബ്ദുള്ളക്കുട്ടി എത്ര പാർട്ടിയിൽ പോയി? പത്മജയ്ക്ക് ഗവർണറാകണം'; പുച്ഛമെന്ന് ടി പത്മനാഭൻ, മറുപടിയുമായി പത്മജ

ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും എ പത്മനാഭൻ വിമർശിച്ചു

'അബ്ദുള്ളക്കുട്ടി എത്ര പാർട്ടിയിൽ പോയി? പത്മജയ്ക്ക് ഗവർണറാകണം'; പുച്ഛമെന്ന് ടി പത്മനാഭൻ, മറുപടിയുമായി പത്മജ
dot image

കണ്ണൂര്‍: കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി പത്മനാഭൻ വിമര്‍ശിച്ചു. രാജ്യസഭാംഗമായ ശേഷം തന്നെ കാണാനെത്തിയ സി സദാനന്ദനോടായിരുന്നു ടി പത്മനാഭന്റെ മറുപടി.

'കാര്യലാഭത്തിന് വേണ്ടി വേഷം മാറ്റുന്നവരെ എനിക്ക് പുച്ഛമാണ്. തുടക്കം മുതലേ ഒരു പാര്‍ട്ടിയില്‍ നില്‍ക്കുന്നവരോട് ബഹുമാനമാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ വന്നിട്ടുള്ള അബ്ദുള്ളക്കുട്ടിമാരില്ലെ, എനിക്ക് പുച്ഛമാണ്. അബ്ദുള്ളക്കുട്ടി എത്ര പാര്‍ട്ടിയില്‍ പോയി.

ഇപ്പോള്‍ തൃശൂരില്‍ ഒരു നരഹത്യ നടക്കും. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പത്മജയെ തയാറാക്കുകയാണ്. പത്മജയ്ക്ക് വേണ്ടത് ഗവര്‍ണര്‍ സ്ഥാനമാണ്. ഗവര്‍ണറാവാനാണ് തനിക്കിഷ്ടമെന്ന് ഒരു നാണവുമില്ലാതെ അവര്‍ പറയുന്നതുകേട്ടു. എവിടെയാണ് ആവുകയെന്ന ചാനലുകാരുടെ ചോദ്യത്തിന് മലയാളിയെന്ന നിലയില്‍ തനിക്കിഷ്ടം കേരളമാണല്ലോ എന്നായിരുന്നു പ്രതികരണം. എങ്കിലും തരുന്നത് സ്വീകരിക്കുമെന്ന് ഒരു നാണവുമില്ലാതെ പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം അവര്‍ ഉറപ്പിച്ചു'വെന്നും പത്മനാഭൻ പരിഹസിച്ചു.

'ഇത് പത്മജ പത്രക്കാരോട് നാണമില്ലാതെ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. ഇത് പറഞ്ഞിട്ട് കൊല്ലം രണ്ടുകഴിഞ്ഞു. അതേപോലെ തന്നെയാണ് കെ എസ് രാധാകൃഷ്ണന്‍. എന്റെ വളരെ അടുത്ത സുഹൃത്താണ്, യോഗ്യനാണ്. അബ്ദുള്ളക്കുട്ടിയല്ല ഇവന്‍. നല്ല സ്‌കോളറാണ്. ഒരു ദിവസം പത്രത്തില്‍ വാര്‍ത്ത വന്നു, അയാള്‍ ബിജെപിയില്‍ ചേരുന്നുവെന്ന്. ഉടന്‍ ഞാന്‍ വിളിച്ചു. പപ്പേട്ടനത് വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍, അതാണ് സത്യമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ ഉന്നത സ്ഥാനവും അദ്ദേഹത്തിന് കൊടുത്തു. കാലടി സര്‍വകലാശാല വൈസ് ചാന്‍സലറാക്കി. പിഎസ്‌സി ചെയര്‍മാനാക്കി. കാരണം അതിനുള്ള യോഗ്യതയുണ്ട്', അദ്ദേഹം പറഞ്ഞു. കാലുമാറുന്നവരുടെ കാരണം അറിയണമോ എന്ന് ചോദിച്ചപ്പോള്‍, 'പപ്പേട്ടന്റെ മനസ്സ് എനിക്കറിയാം, വായിച്ചെടുക്കാം' എന്നു മാത്രമായിരുന്നു സി സദാനന്ദന്‍ നല്‍കിയ മറുപടി.

ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടര്‍ പങ്കുവെച്ച വീഡിയോയില്‍ ടി പത്മനാഭനുള്ള മറുപടി പത്മജയും കുറിച്ചു. കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ തന്നെ ഇദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. ഒരിക്കല്‍ മാത്രമേ ഇദ്ദേഹത്തെ താന്‍ കണ്ടിട്ടുള്ളു. അന്ന് തന്നോട് വളരെ മോശമായി ആണ് പെരുമാറിയതെന്നും അച്ഛനോട് വല്ല ദേഷ്യവും ഉണ്ടായിരിക്കാം എന്ന് കരുതിയെന്നും പത്മജ കുറിച്ചു.

'ഇദ്ദേഹത്തിന് എന്നോട് കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ തന്നെ ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ മാത്രമേ ഇദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളു .അന്ന് എന്നോട് വളരെ മോശമായി ആണ് പെരുമാറിയത് .എനിക്ക് വല്ലാത്ത വിഷമം തോന്നി .ഞാന്‍ വിചാരിച്ചു എന്റെ അച്ഛനോട് വല്ല ദേഷ്യവും ഉണ്ടായിരിക്കും എന്ന്. അദ്ദേഹം വലിയ മനുഷ്യനല്ലേ ? എന്തും പറയാന്‍ അവകാശം ഉണ്ടല്ലോ.അല്ലെ?', പത്മജ കുറിച്ചു.

Content Highlights: Writer T Padmanabhan criticized individuals who switch parties for personal gain

dot image
To advertise here,contact us
dot image