തിരുവനന്തപുരം: ശബരിമലയില് സ്വര്ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. പാളികളിലെ സ്വര്ണത്തില് വ്യത്യാസം കണ്ടെത്തി. 1998ല് പൊതിഞ്ഞ സ്വര്ണ്ണത്തിന്റെ അളവ് കുറഞ്ഞു. വിഎസ്എസ്സി തയ്യാറാക്കിയ റിപ്പോര്ട്ടിലാണ് കണ്ടെത്തല്. ശബരിമല സ്വര്ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി കൊണ്ടുപോയി തിരികെയെത്തിയ ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്ണം കുറവാണെന്ന് കണ്ടെത്തി.
1998 ല് സ്വര്ണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വര്ണക്കുറവ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള് അടക്കം നാളെ ഈ റിപ്പോര്ട്ട് ഹൈക്കോടതിക്ക് നല്കും. സീല്വെച്ച കവറില് വിഎസ്എസ്സി കൊല്ലം വിജിലന്സ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോര്ട്ട് ശനിയാഴ്ചയാണ് എസ്ഐടിക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്ഐടി മേധാവി നാളെ റിപ്പോര്ട്ട് ഹൈക്കോടതിക്ക് കൈമാറും. ദ്വാലപാലശില്പം, കട്ടിളപ്പാളി എന്നിവയില് നിന്നും 15 സാമ്പിളുകള് ശേഖരിച്ചാണ് താരതമ്യപരിശോധന നടന്നത്. 1998 ല് യു ബി ഗ്രൂപ്പ് ആണ് ചെമ്പ് പാളികളില് സ്വര്ണം പൂശിയത്.
അതേസമയം ശബരിമല സ്വര്ണ്ണക്കൊള്ളക്കേസില് ഫെബ്രുവരി 3ന് മുന്പ് കുറ്റപത്രം സമര്പ്പിക്കാനാണ് എസ്ഐടി നീക്കം. ഉണ്ണികൃഷ്ണന് പോറ്റി ഉള്പ്പെടെയുള്ള പ്രതികള്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് നീക്കം. പ്രാഥമിക കുറ്റപത്രമാകും എസ്ഐടി സമര്പ്പിക്കുക. തുടര്ന്ന് അധികകുറ്റപത്രങ്ങള് സമര്പ്പിക്കും. വിഎസ്എസ്സി റിപ്പോര്ട്ട് ലഭിച്ചതോടെ കുറ്റപത്രത്തിന് തടസ്സമില്ലെന്നാണ് നിഗമനം. ദ്വാരപാലകക്കേസില് അറസ്റ്റ് നടന്നിട്ട് 90 ദിവസം പിന്നിടുകയാണ്.
Content Highlights: Scientific investigation confirms gold looting at Sabarimala VSSC Report