രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, ബിജെപിയിൽ ചേർന്നെന്നുവെച്ച് സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല: എം എം മണി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്

കൊച്ചി: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് എംഎം മണി എംഎല്‍എ. സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തെന്നും അദ്ദേഹം പറഞ്ഞു.

പിറപ്പുകേടാണ് രാജേന്ദ്രന്‍ കാണിച്ചത്. സിപിഐഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിഞ്ഞിട്ടില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍വെച്ചാണ് എസ് രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ പ്രവേശിച്ചത്. എസ് രാജേന്ദ്രന് പിന്നാലെ മുന്‍ സിപിഐ നേതാവ് ഗുരുനാഥനും ബിജെപി അംഗത്വം സ്വീകരിച്ചു. മൂന്നുവട്ടം ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗുരുനാഥന്‍. കൂടാതെ സിപിഐഎം പ്രവര്‍ത്തകനായ സന്തോഷും ബിജെപി അംഗത്വം സ്വീകരിച്ചു. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തിനൊപ്പമായിരുന്നു ഗുരുനാഥനും സന്തോഷും പാര്‍ട്ടിയില്‍ പ്രവേശിച്ചത്.

മൂന്ന് ടേമിലായി 15 വര്‍ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും രാജേന്ദ്രനെ സ്സപെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.

രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്തുവെച്ച് സംസാരിച്ചതായും ബിജെപിക്കൊപ്പം ചേരുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല ബിജെപിയിലേക്ക് പോകുന്നതെന്നും മറിച്ച് ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമാണ് എസ് രാജേന്ദ്രന്റെ വിശദീകരണം. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Content highlights: mm mani mla comments on s rajendran move from cpim to bjp

To advertise here,contact us