'മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ലീഗും ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഇത് അപകടമെന്നാണ് പറഞ്ഞത്'

താൻ പറഞ്ഞത് രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്

തിരുവനന്തപുരം: വിവാദമായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞത് രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്‌ലിം ലീഗ് ജയിക്കുന്നതും ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നതും പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

"ഭാവിയിൽ മതേതര ചിന്താഗതിക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാകും. ജാതി രാഷ്ട്രീയം തീവ്രമായി കൈകാര്യം ചെയ്യുന്നവർക്ക് ജയസാധ്യത വർധിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം എന്ന പ്രസ്താവന വിവാദമാകുന്നതിന് ഇടയിലാണ് മന്ത്രി വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കും. നിങ്ങള്‍ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നുള്ളു. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വാക്കുകള്‍.

മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരുടെ പേരെടുത്ത് നിങ്ങള്‍ വായിച്ചു നോക്ക്. നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി അങ്ങനെ പോകാന്‍ പാടുണ്ടോ? കാസർകോട് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കു. നിങ്ങള്‍ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒരമ്മപ്പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും മത്സരിക്കണം. എല്ലാവർക്കും ജനാധിപത്യപ്രകിയയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന ധ്രുവീകരണം ആർക്കും മനസ്സിലാകാത്തത് അല്ല. മുസ്‌ലിം ലീഗ് ഒരു വിഭാഗത്തെ വർഗ്ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേയെന്നും അദ്ദേഹം ചോദിച്ചു. 'ലീഗിന്‍റെ രാഷ്ട്രീയം കേരളത്തില്‍ വർഗ്ഗീയ പലർത്തുന്ന രാഷ്ട്രീയം ആണെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ആ നിലപാട് തന്നെയാണ് ഞാന്‍ പറഞ്ഞത്. ' - സജി ചെറിയാന്‍ പറഞ്ഞു.

Content Highlights: minister Saji Cherian has stated that the League winning in Muslim-majority areas and the BJP securing victories in Hindu-majority areas is a dangerous trend

To advertise here,contact us