തൃശൂര്: മറ്റത്തൂര് പഞ്ചായത്തില് സ്റ്റാന്ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് എല്ഡിഎഫ് അംഗങ്ങള് തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് എല്ഡിഎഫ് വിജയിച്ചത്.
ആരോഗ്യ, വിദ്യാഭ്യാ, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി സിപിഐഎമ്മിലെ സി സി ബിജുവും ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി സിപിഐഎമ്മിലെ തന്നെ രജനി ജീജീഷും തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിക്കൊപ്പം ചേര്ന്ന സ്വതന്ത്രന് കെ ആര് ഔസേപ്പാണ് വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുക്കപ്പെട്ടത്. മറ്റത്തൂര് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് കോണ്ഗ്രസ് അംഗങ്ങള് ഒന്നടങ്കം പാര്ട്ടിയില് നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്ന്ന് സ്വതന്ത്ര സ്ഥാനാര്ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില് 10 അംഗങ്ങളുണ്ടായിരുന്ന എല്ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്ഗ്രസ് അംഗങ്ങള് ബിജെപിക്കൊപ്പം ചേര്ന്നത്.
24 അംഗ പഞ്ചായത്തില് സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് കോണ്ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില് കോണ്ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല് സെക്രട്ടറി ടി എം ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില് എന്നിവരെ കോണ്ഗ്രസ് പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യുകയായിരുന്നു.
പിന്നീട് കോണ്ഗ്രസ് പാര്ട്ടി നേതൃത്വവുമായി നടത്തിയ ചര്ച്ചയില് പാര്ട്ടി ടിക്കറ്റില് വിജയിച്ചവര് സമവായത്തിലെത്തിയിരുന്നു. ഇതിനെ തുടര്ന്ന് വൈസ് പ്രസിഡന്റ് നൂര്ജഹാന് നവാസ് രാജി വെച്ചിരുന്നു.
Content Highlights: In Mattathur, the LDF has secured the position of the standing committee chairmanship in the local body elections.