'കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മാത്രം ഇളവ് നൽകാം,ബാക്കിയുള്ളവർ മാറണം'; 3 ടേം നടപ്പാക്കണമെന്ന് യൂത്ത് ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന് ആറ് സീറ്റ് വേണമെന്നും യൂത്ത് ലീഗ്

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധമായും മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. നയിക്കാന്‍ ഉള്ളവര്‍ എന്ന നിലയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും മാത്രം ഇളവ് നല്‍കാമെന്നാണ് യൂത്ത് ലീഗിന്റെ അഭിപ്രായം.

ബാക്കി ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നും പുതുമുഖങ്ങള്‍ വരട്ടെയെന്നും യൂത്ത് ലീഗ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന് ആറ് സീറ്റ് വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് യൂത്ത് ലീഗ് മത്സരിച്ചത്. യൂത്ത് ലീഗ് ഭാരവാഹികളായി വിജയിച്ചതില്‍ നജീബ് കാന്തപുരവും എകെഎം അഷ്‌റഫും മികച്ച പ്രകടനം നടത്തി. നിയമസഭയില്‍ അത് തുടരണമെങ്കില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യൂത്ത് ലീഗ് നേതാക്കളുടെ മികച്ച പ്രകടനം ഉള്‍പ്പടെ പരിഗണിച്ച് കൂടുതല്‍ സീറ്റുകള്‍ വേണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. പി കെ ഫിറോസ്, ടി പി അഷ്റഫലി, ഷിബു മീരാന്‍, ഫൈസല്‍ ബാബു, ഇസ്മായില്‍ വയനാട്, മുജീബ് കാടേരി എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വെച്ചത്. പി കെ നവാസിന്റെ പേരാണ് എംഎസ്എഫ് മുന്നോട്ട് വെച്ചത്.Content Highlights: Youth League has urged the Muslim League to introduce a three-term system ahead of the Kerala Assembly Election 2026.

To advertise here,contact us