കൊച്ചി: ഇടതു മുന്നണി വിടുന്നു എന്ന നിലയിൽ പാർട്ടിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിമർശനം. പാർട്ടിക്കെതിരെ ഉയർന്ന പ്രചാരണങ്ങളെ കൂട്ടായി പ്രതിരോധിക്കുന്നതിൽ വീഴ്ച വന്നുവെന്നായിരുന്നു വിമർശനം. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്ന നിലയിൽ വളഞ്ഞിട്ടാക്രമിച്ചപ്പോൾ ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ലെന്ന കടുത്ത വിമർശനവും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മാധ്യമങ്ങളിലൂടെ മാത്രമല്ല പല കോണുകളിൽ നിന്നും കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുന്നുവെന്ന പ്രചാരണം ഉയർന്നു. എന്നാൽ ഒരുമിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കാനായില്ലെന്ന ശക്തമായ ആരോപണങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നയ്ക്ക് കാര്യമായ വോട്ടുചേർച്ചയുണ്ടായെന്ന വിലയിരുത്തലും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടായി. ഇടതുമുന്നണിയ്ക്ക് ഉണ്ടായ വോട്ടുചോർച്ച പരിശോധിക്കണമെന്ന ആവശ്യവും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്നു. കേരള കോൺഗ്രസ് എമ്മിനെതിരായ ആക്രമണം ഏതെങ്കിലും കോണിൽ നിന്ന് ഉണ്ടായാൽ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന ആവശ്യവും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്നു.
പാർട്ടിക്കെതിരെ വരുന്ന ആരോപണങ്ങളെ ഒരുമിച്ച് പ്രതിരോധിക്കണം എന്ന പൊതുവികാരവും സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്നു.
ജനുവരി 16 വെള്ളിയാഴ്ചയാണ് കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നത്. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്നും ജോസ് കെ മാണി ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നത്. റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണനും എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കണമെന്ന നിലപാട് സ്വീകരിച്ചെന്നും വാർത്തകളുണ്ടായിരുന്നു.
കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുന്നുവെന്ന പ്രചാരണങ്ങൾ നിഷേധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ചെയർമാൻ ജോസ് കെ മാണി രംഗത്ത് വന്നിരുന്നു. കേരള കോണ്ഗ്രസിന്റെ യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണ്. ഞങ്ങൾ നിലപാട് മാറ്റിയിട്ടല്ല ഇങ്ങോട്ട് വന്നത്. ചവിട്ടി പുറത്താക്കിയതാണ്. അതിന് ശേഷം ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവും എൽഡിഎഫും ആണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അങ്ങനെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അഞ്ച് വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുമോയെന്നും ജോസ് കെ മാണി ചോദിച്ചിരുന്നു. നമ്മളെ ആവശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് യുഡിഎഫ് ഇപ്പോൾ വാതിൽ തുറന്നിട്ടത്. അത് എവിടെയും പറയാൻ വിഷമമില്ല. നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില് 13 സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അതിനപ്പുറത്തേക്ക് സീറ്റ് സംബന്ധിച്ച് എത്രമാത്രം കടക്കാനാകും എന്നതും ചര്ച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേര്ത്ത ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്.
Content Highlights: Kerala Congress (M) faced criticism in its steering committee for failing to effectively counter propaganda and misinformation campaigns against the party, amid ongoing alliance speculations and preparations for upcoming elections.