യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി; സമിതിയെ രൂപീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീം കോടതി

യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടിയുടെ ഭാ​ഗമായാണ് ലോക്സഭാ സ്പീക്കർ മൂന്നം​ഗ സമിതി രൂപീകരിച്ചത്

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നും പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി. ഇംപീച്ച് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് യശ്വന്ത് വർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരാണ് ഹർജി തള്ളിയത്.

യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആഗസറ്റ് 12നാണ് മൂന്നംഗ സമിതിയെ രൂപീകരിക്കാൻ ലോക്‌സഭാ സ്പീക്കർ ഉത്തരവിറക്കിയത്. സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, മുതിർന്ന അഭിഭാഷകൻ ബി വസുദേവ ആചാര്യ എന്നിവരടങ്ങുന്നതാണ് സമിതി. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുകയും വസ്തുകൾ പഠിച്ച് സമിതി റിപ്പോർട്ട് നൽകുകയും വേണം. ഇത് അടിസ്ഥാനമാക്കി ആയിരിക്കും യശ്വന്ത് വർമ്മയുടെ ഇംപീച്ച് ചയ്ത് പുറത്താക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുക. ഇംപീച്ച്‌മെന്റിന് മുന്നോടിയായുള്ള നടപടികളെ ചോദ്യം ചെയ്ത് യശ്വന്ത് വർമ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിൽ യശ്വന്ത് വർമ്മയുടെ വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സും ഡൽഹി പൊലീസുമാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിന്നാലെ യശ്വന്ത് വർമ്മക്കെതിരെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷവും ഭരണപക്ഷവും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റിയും ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ടെന്നായിരുന്നു ഇതിനോടുള്ള യശ്വന്ത് വർമ്മയുടെ പ്രതികരണം. സംഭവം തനിക്കെതിരായ ഗൂഢാലോചനയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു യശ്വന്ത് വർമ്മ. ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിയെങ്കിലും നിലവിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി തുടരുകയാണ് ഇദ്ദേഹം.

Content Highlights: supreme court dismisses justice yashwant varma's plea challenging constitution of impeachment inquiry committee against him

To advertise here,contact us