'ഇവനൊക്കെ അംഗീകരിച്ചു വേണം ഈ 2026ലും നമ്മള്‍ ജീവിക്കാൻ': LGBTQIA+ വിരുദ്ധ പ്രസ്താവനയില്‍ ഷാജിക്കെതിരെ വിമർശനം

സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നുമായിരുന്നു കെഎം ഷാജിയുടെ വിമർശനം

കോഴിക്കോട്: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം ആവർത്തിച്ച മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിമർശനം ശക്തമാകുന്നു. സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസിന്റെ അഭിമുഖ പരിപാടിയായ 'നേരോ നേതാവെ'യില്‍ പങ്കെടുത്തുകൊണ്ട് കെഎം ഷാജി പറഞ്ഞത്.

'ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാന്‍ പറ്റില്ല. ലെസ്ബിയന്‍സിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ സ്വവര്‍ഗാനുരാഗത്തെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. അത് മനോരോഗമാണ്. അതിനെ ചികിത്സിക്കണം. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം', കെ എം ഷാജി പറഞ്ഞു. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നുള്ള വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ശീതള്‍ ശ്യാം അടക്കമുള്ളവരാണ് വിമർശനം ഉയർത്തിയത്.

'പിന്നെ ഇവനൊക്കെ അംഗീകരിച്ചു വേണം ഈ 2026ലും നമ്മള്‍ ജീവിക്കാൻ. 100 ക്വീർ സിനിമ സീരിസ് ഉണ്ട് കണ്ടോളു നല്ലോണം. കഴപ്പ് മൂത്ത് ഉണ്ടാക്കിയ കുഞ്ഞിനെ കൊല്ലാൻ പറഞ്ഞ ആ കൊലപാതകിയെ കുറിച്ച് ചോയ്ച്ചാൽ ഷാജിയുടേയും ഷാഫിയുടേയും വായിൽ പഴം ആയിരിക്കും. സ്വവർഗ്ഗാനുരാഗവും കുഞ്ഞുങ്ങളുമായുള്ള രതിയും തിരിച്ചറിയാത്ത പൊട്ടൻ നമ്മളെ അംഗീകരിച്ചു സർട്ടിഫിക്കറ്റ് തരാൻ വെയിറ്റ് ചെയുവ്വാ. ഒന്നു പോടെ മൊയ്ന്തേ.' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അടക്കം ഓർമ്മിപ്പിച്ചുകൊണ്ട് ശീതള്‍ ശ്യാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഇക്കാലത്ത് ഇത്തരം ജല്പനങ്ങൾ മനോരോഗമാണ് എന്നായിരുന്നു എഴുത്തുകാരന്‍ പിബി ജിജീഷിന്‍റെ പ്രതികരണം. 'ഇക്കാലത്ത് ഇത്തരം ജല്പനങ്ങൾ മനോരോഗമാണ്. നിയമവിരുദ്ധമാണ്. ഭരണഘടനാവിരുദ്ധമാണ്.ലൈംഗീക സ്വത്വം, Bodily autonomy എന്ന നിലയ്ക്ക്, ഭരണഘടനയുടെ അനുച്ഛേദം 21-ന്റെ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഡൽഹി ഹൈക്കോടതി ആദ്യം ജസ്റ്റിസ് എ പി ഷാ രചിച്ച ചരിത്ര പ്രധാനമായ വിധിന്യായത്തിലൂടെയും, പിന്നീട് സുപ്രീംകോടതി സ്വകാര്യതാ വിധിയിലും നവതേജ് സിംഗ് ജോഹർ കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.' ജിജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

content Highlights: Sheetal Shyam has come out strongly against KM Shaji over an alleged anti-LGBTQ statement

To advertise here,contact us