ഫെന്നിയെ കണ്ടത് കുഞ്ഞ് അനുജനപ്പോലെ; തലയും വാലുമില്ലാത്ത ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാന്‍: അതിജീവിത

'ഒരുഘട്ടത്തില്‍ രാഹുലിന് മറ്റ് ബന്ധങ്ങളുണ്ടോ എന്നതിനെപ്പറ്റി ചോദിച്ചിരുന്നു. ഫാൻസ് ആണെന്നായിരുന്നു ഫെന്നി പറഞ്ഞത്'

തിരുവനന്തപുരം: ഫെന്നി നൈനാന്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത. കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാനാണ് തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്. രാഹുലിനെ കാണാനായാണ് നാല് മണിക്കൂര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എത്തിയിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫെന്നി നൈനാന്‍ പണം ആവശ്യപ്പെട്ടെന്നും അതിജീവിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

2024 മെയ് മാസത്തിലായിരുന്നു തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നത്. ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിക്കാമോ അത്രയും രാഹുല്‍ തന്നെ വേദനിപ്പിച്ചു. അങ്ങനെയാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായത്. കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നുപോയത്. ആ സമയങ്ങളില്‍ ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിരുന്നു. ഇതിനിടെ 2024 ജൂലൈയിലായിരുന്നു ഫെന്നി നൈനാനെ താന്‍ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഡയില്‍ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നി നൈനാനോട് സംസാരിച്ചത്. ഫെന്നി ആദ്യം തന്നോട് സംസാരിച്ചത് ചൂരല്‍മല ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു. അന്ന് തങ്ങള്‍ എന്ത് സംസാരിച്ചുവന്നാലും അവസാനിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി പറഞ്ഞായിരുന്നു. നടന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഫെന്നിയോട് പറഞ്ഞിരുന്നോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.

താന്‍ കടന്നുപോയ മോശം സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഫെന്നി തന്നെ ആശ്വസിപ്പിച്ചിരുന്നു. പോട്ടെ സാരമില്ല എന്നാണ് പറഞ്ഞത്. നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്ന് ഫെന്നി പറഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ രാഹുലിന് മറ്റ് ബന്ധങ്ങളുണ്ടോ എന്നതിനെപ്പറ്റി ചോദിച്ചിരുന്നു. രാഹുലിന് മറ്റ് ബന്ധങ്ങളില്ലെന്നായിരുന്നു ഫെന്നി പറഞ്ഞത്. ഫാന്‍സാണുള്ളതെന്നും അവര്‍ ശല്യമായി മാറിയതുകൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഫെന്നി പറഞ്ഞു. ഫെന്നി അങ്ങനെ പറഞ്ഞപ്പോള്‍ സമാധനമായി. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഫെന്നി പണം ആവശ്യപ്പെട്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു. ഫെന്നിയുമായുള്ള സൗഹൃദം 2025 നവംബര്‍ വരെ തുടര്‍ന്നിരുന്നുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ഫെന്നി നൈനാന്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചെന്നും പലവട്ടം ഒഴിവാക്കാന്‍ നോക്കിയെന്നുമായിരുന്നു ഫെന്നി നൈനാന്‍ വാട്‌സ്ആപ്പ് ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഫെന്നി നൈനാന്‍ പറഞ്ഞത്. പരാതിക്കാരിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോഴാണ് പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞത്. നാല് മണിക്കൂര്‍ സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറഞ്ഞതിന്റെ ലോജിക്ക് എന്താണെന്നും ഫെന്നി ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് അതിജീവിത രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് വിദേശത്തുള്ള യുവതി നല്‍കിയ പരാതിയായിരുന്നു. രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം നടത്തിയെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

രാഹുലിന്റേത് ക്രൂരമായ ലൈംഗിക വൈകൃതമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. ഗര്‍ഭിണിയായ ശേഷം അത് മറ്റാരുടെയെങ്കിലും ഗര്‍ഭമായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കില്‍ രാഹുല്‍ അതിന് തയ്യാറായില്ലെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ അതിവിദഗ്ധമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി പത്ത് അര്‍ദ്ധരാത്രി പാലക്കാടെ കെപിഎം റീജന്‍സിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും തിരുവല്ലയിലെ എ ആര്‍ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളിയിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ രാഹുല്‍ പരുങ്ങി. തുടര്‍ന്ന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Content Highlights- Survivor alleged that a chat involving Fenny was selectively released without context to insult her

To advertise here,contact us