തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ടഭക്ഷണം കഴിക്കുന്നതിൻ്റെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിൻ്റെയും പേരിൽ മനുഷ്യരെ വേട്ടയാടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. വീടുകൾ ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുന്നു. ഒരു മതത്തിൻ്റെ സാംസ്കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും മായ്ച്ചു കളയുന്നു. വിഭജന കാലത്തു പോലും ഇങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ക്രൈസ്തവ വേട്ട വർധിക്കുന്നുവെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാതെയായിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയ്ക്കായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ പിണറായി വിജയൻ കാന്തപുരം എ പി അബൂബക്കർ മുസല്യാരെ ജനാധിപത്യത്തിൻ്റെ കാവലാൾ എന്നും വിശേഷിപ്പിച്ചു. ഈ യാത്ര ഒരു സംഘടനയുടെ പരിപാടിയായി ചുരുക്കി കാണേണ്ടതല്ല. മനുഷ്യർക്കൊപ്പം എന്നതാണ് ഈ യാത്രയുടെ സന്ദേശം. മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ അകറ്റി നിർത്തുന്ന കാലമാണിത്. അവിടെയാണ് ഈ യാത്രയുടെ പ്രസക്തി. ചിലർ ദുഷ്ടലാക്കോടെ മതത്തെ മനുഷ്യത്വ വിരുദ്ധമാക്കാൻ ശ്രമിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ തൊണ്ണൂറ് കഴിഞ്ഞ പ്രായത്തിലും കാന്തപുരം മുന്നിട്ടിറങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത കൊണ്ട് കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി അങ്ങനെ രൂപപ്പെട്ടാൽ അതിന് വർഗീയത ശക്തിപ്പെടുത്താനെ കഴിയൂവെന്നും വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയത ഉണ്ടായാൽ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഭാഗമായി നിന്നു മാത്രമേ വർഗീയതയെ തുരത്താൻ കഴിയൂ. ഇത് തിരിച്ചറിഞ്ഞുള്ള സമീപനം സ്വീകരിക്കണം. പരസ്പരം സ്നേഹവും കരുതലും പങ്കു വയ്ക്കുന്നവരാകണം. കേരളം മതനിരപേക്ഷേതയ്ക്കായി വിട്ടുവീഴ്ചയില്ലാതെയാണ് നിലകൊള്ളുന്നത്. കേരളം മതനിരപേക്ഷതയുടെ തുരുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് വിഷയത്തിൽ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമത്തിൽ മുസ്ലിം ജനതയ്ക്ക് ഇടമില്ല. മുസ്ലിം ജനതയ്ക്ക് പൗരത്വം നിഷേധിക്കുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. അത് എന്തിനാണെന്ന് നമ്മൾ മനസിലാക്കി. വിഭജന കാലത്ത് കൾമീർ ജനത ഇന്ത്യക്കൊപ്പം ഉറച്ചു നിന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുമായി ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും സ്വീകരിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നടന്ന വർഗീയ കലാപങ്ങളും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഒന്നാം കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി രണ്ടാം കലാപത്തിൽ 9 പേർ കൊല്ലപ്പെട്ടതും ഓർമ്മിപ്പിച്ചു, വീടുകൾ ആക്രമിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൂവാറിൽ ഒട്ടനവധി വീടുകൾ തീവച്ചു. ചെറിയതുറയിലെ സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. കാസർഗോഡ് നിരവധി തവണ കലാപങ്ങൾ നടന്നു. പൂന്തുറയിൽ നിരവധി വീടുകൾ ആക്രമിച്ചു. എല്ലാം നമ്മുടെ കേരളത്തിൽ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഇപ്പോൾ വർഗീയ സംഘർഷങ്ങളെ നമുക്ക് അകറ്റി നിർത്താൻ കഴിഞ്ഞുവെന്നും വ്യക്തമാക്കി.
എപ്പോഴും മതനിരപേക്ഷതയക്കെ കൂടുതൽ കരുത്തു നേടാൻ കഴിയൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേരളത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. സംഘടനാപരമായ ഭിന്നതയുടെ പേരിൽ നിങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി താനൂരിലും മഞ്ചേരിയിലും പാണ്ടിക്കാടിലും അതല്ലേ സംഭവിച്ചതെന്നും ചോദിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഈ സംഘർഷങ്ങൾ കുറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിച്ചില്ല. ന്യൂനപക്ഷ വർഗീതയായാലും ഭൂരിപക്ഷ വർഗീത ആയാലും എതിർക്കും.സന്ധിയില്ലാതെ പോരാടും എന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Kerala CM Pinarayi Vijayan states that one form of communalism cannot counter another, hailing Kanthapuram A.P. Aboobacker Musliar as the true guardian of democracy and secular values in the state.