സിപിഐഎമ്മിന് കനത്ത തിരിച്ചടി: വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

ശശീന്ദ്രന്‍-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയന്‍ ആരോപിക്കുന്നു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവ് എ വി ജയന്‍ പാർട്ടി വിട്ടു. സിപിഐഎമ്മില്‍ ഇനിയും തുടർന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയന്‍ ആരോപിക്കുന്നു. ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പ്പാർട്ടി പോരാണ് എവി ജയന്‍റെ പാർട്ടി വിടലിലൂടെ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം പൂർണ്ണമായും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പാർട്ടിയില്‍ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. തന്നെ വേട്ടയാടാന്‍ വേണ്ടി പാർട്ടിക്കുള്ളിലെ ചിലർ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ചോർത്തി നല്‍കി. ഇത്തരത്തിലുള്ള ആസൂത്രിതമായ അട്ടിമറികള്‍ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയന്‍ കൂട്ടിച്ചേർത്തു.

കർഷക സംഘത്തിന്‍റെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന എ വി ജയന്‍ പൂതാടി പഞ്ചായത്തിലെ ജനപ്രിയ നേതാവാണ്. ജില്ല സമ്മേളനത്തില്‍ പി ഗഗാറിനെ അനുകൂലിച്ചുകൊണ്ട് ശശീന്ദ്രന്‍-റഫീഖ് വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ വിമർശനം എ വി ജയന്‍ ഉയർത്തുന്നത്. പിന്നീട് ജയനെതിരായ പാർട്ടി നടപടികളുണ്ടാകുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ കൂടി ആരോപിച്ച് ബ്രാഞ്ചിലേക്ക് വരെ തരംതാഴ്ത്തുന്ന സാഹചര്യവും ഉണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എ വി ജയനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കം പാർട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അണികള്‍ക്കിടയില്‍ നിന്ന് തന്നെയുണ്ടായ കടുത്ത സമ്മർദത്തിന് ഒടുവില്‍ കേണിച്ചിറ വാർഡില്‍ ജയനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ജില്ലയിലാകെയും കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പൂതാടി പഞ്ചായത്ത് ഭരണം തിരികെ പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. യുഡിഎഫിന്‍റെ സിറ്റിങ് വാർഡായ കേണിച്ചിറയില്‍ 62 വോട്ടിനായിരുന്നു എ വി ജയന്‍റെ വിജയം. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പാര്‍ട്ടി ഫണ്ട് ക്രമക്കേടല്ല അച്ചടക്ക നടപടിക്ക് കാരണം എന്ന് നേതൃത്വത്തിന് വിശദീകരിക്കേണ്ടിയും വന്നിരുന്നു.

എ വി ജയന്‍റെ കൂടി ജനപിന്തുണയില്‍ ആകെയുള്ള 23 വാർഡില്‍ യുഡിഎഫിനൊപ്പം തന്നെ തുല്യനില പിടിക്കാന്‍ എല്‍ഡിഎഫിനും സാധിച്ചു. യുഡിഎഫ് 10, എല്‍ഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഭരണം പിടിക്കുമെന്ന അവകാശവാദത്തോടെ മത്സരംഗത്തിറങ്ങിയ ബിജെപി മൂന്ന് സീറ്റില്‍ തന്നെ ഒതുങ്ങി.യുഡിഎഫിനും എല്‍ഡിഎഫിനും തുല്യനില വന്നതോടെ പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലേക്ക് നീങ്ങി. എല്‍ഡിഎഫിന്‍റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി എവി ജയന്‍ എന്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇ കെ ബാലകൃഷ്ണനെയായിരുന്നു പാർട്ടി മത്സരിപ്പിച്ചത്. ഇതും പാർട്ടിയിലെ അസ്വാരസ്യങ്ങള്‍ ശക്തമാക്കി.

1988ലും 2000ലും പഞ്ചായത്ത് അംഗമായ ഇ കെ ബാലകൃഷ്ണൻ 2020ൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. നറുക്കെടുപ്പില്‍ യുഡിഎഫിന്‍റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ തന്നെ വോട്ട് അസാധുവായതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം എ വി ജയനും മറ്റൊരു അംഗമായ പ്രസാദും വിട്ടുനിന്നതും അന്ന് തന്നെ ചർച്ചാ വിഷയമായിരുന്നു. പാർട്ടിവിട്ട എവി ജയന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാര്യത്തില്‍ ഇനി എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിർണ്ണായകമാണ്. എവി ജയനോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന അംഗങ്ങളോ രാജിയിലേക്ക് നീങ്ങിയാല്‍ അത് ഇടതിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കും. തല്‍ക്കാലം മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നാണ് എവി ജയന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള കക്ഷികള്‍ അദ്ദേഹത്തോടെ ചർച്ച നടത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

Contet Higlights: CPI(M) suffers setback in Wayanad as senior leader A V Jayan exits party

To advertise here,contact us