യുഡിഎഫുമായുള്ള മുന്നണിമാറ്റ ചര്‍ച്ച പരാജയം; LDFല്‍ തുടരാന്‍ RJD, നാലാം സീറ്റായി കോവളം ആവശ്യപ്പെടും

കല്പറ്റയിൽ ശ്രേയാംസ് കുമാറിന് പകരം പുതുമുഖത്തെ കളത്തിലിറക്കിയേക്കും

തിരുവനന്തപുരം: എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറാനുള്ള ആർജെഡിയുടെ നീക്കം പരാജയപ്പെട്ടു. തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം തുടരാനാണ് തീരുമാനം. വടകര, കല്പറ്റ സീറ്റുകളെ ചൊല്ലി ധാരണയിൽ എത്താത്തതിനെ തുടർന്നാണ് ആർജെഡിയുടെ യുഡിഎഫ് പ്രവേശനം എങ്ങുമെത്താതെ പോയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റ് വേണമെന്ന ആവശ്യവും കോവളം സീറ്റിലെ അവകാശവാദവും മുന്നണിയിൽ ആർജെഡി ഉന്നയിക്കും. ഇടത് മുന്നണിയിലെ ജെഡിഎസിന്റെ സീറ്റാണ് കോവളം.

ആർജെഡി സംസ്ഥാന അധ്യക്ഷനായ എം വി ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ പുതുമുഖത്തെ ഇറക്കാനും നീക്കമുണ്ട്. യുഡിഎഫിന്റെ ടി സിദ്ധീഖിനോട് കഴിഞ്ഞ തവണ ശ്രേയാംസ് കുമാർ തോറ്റ മണ്ഡലമാണ് കല്പറ്റ. ഇവിടെ ശ്രേയാംസ് കുമാറിന്‍റെ ബന്ധുവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ തവണ മനയത്ത് ചന്ദ്രൻ മത്സരിച്ച വടകരയിൽ ഇത്തവണ ശ്രേയാംസ് കുമാർ നിൽക്കണമെന്ന ആവശ്യം സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറല്ല.

കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി നിയമസഭയിലേക്കെത്തിയാൽ അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റുകൂടി ശ്രേയാംസ് കുമാർ ആവശ്യപ്പെടാനും നീക്കമുണ്ട്.

ഇടതുമുന്നണി വിടണമെന്ന ആവശ്യം ആർജെഡിയുടെ നാല് ജില്ലാ കമ്മിറ്റികൾ നേരത്തെ ഉന്നയിച്ചിരുന്നു. എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകണമെന്നായിരുന്നു ആവശ്യം.എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയാംസ് കുമാറും ആരോപിച്ചിരുന്നു.

Content Highlights:‌ The RJD’s move to leave the LDF and join the UDF has failed

To advertise here,contact us