പാലക്കാട്: മലമ്പുഴയില് വിദ്യാര്ത്ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില് സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പാണ് സ്കൂളിലെ പ്രധാന അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില് വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
അധ്യാപകന് വിദ്യാര്ത്ഥിയെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടും പൊലീസില് അറിയിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്കൂളില് എത്തിയപ്പോഴും പ്രധാന അധ്യാപിക അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. സംഭവം സംബന്ധിച്ച് പ്രധാന അധ്യാപിക നല്കിയ മറുപടി തൃപ്തികരമായിരുന്നില്ല. പ്രധാന അധ്യാപികയുടേത് ഗുരുതര കുറ്റകൃത്യമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂള് മാനേജറെ അയോഗ്യനാക്കാനുള്ള നീക്കവും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില് നടപടി സ്വീകരിക്കും. വിദ്യാര്ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് കൊല്ലങ്കോട് സ്വദേശി അനിലിനെ സര്വീസില് നിന്ന് ഉടന് പുറത്താക്കും
ഡിസംബര് പതിനെട്ടിനായിരുന്നു പീഡന വിവരം വിദ്യാര്ത്ഥി സഹപാഠിയോട് തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സംഭവം സ്കൂള് അധികൃതര് അറിഞ്ഞിരുന്നു. എന്നാല് പൊലീസില് വിവരമറിയിച്ചിരുന്നില്ല. ഡിസംബര് 19ന് അധ്യാപകനെ സ്കൂളില് നിന്ന് പുറത്താക്കി. സംഭവം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര് എത്തിയപ്പോള് മാത്രമാണ് സ്കൂള് അധികൃതര് വിവരം ചൈല്ഡ് ലൈന് പ്രവര്ത്തകരെ അറിയിച്ചത്.
ഈ സംഭവം പുറത്തുവന്നതോടെ അധ്യാപകനില് നിന്നേറ്റ പീഡന വിവരം പുറത്തുപറഞ്ഞ് കൂടുതല് വിദ്യാര്ത്ഥികള് രംഗത്തെത്തി. സിഡബ്ല്യുസി നടത്തിയ കൗണ്സിലിങിനിടെ യുപി ക്ലാസിലെ അഞ്ചോളം വരുന്ന ആണ്കുട്ടികള് പീഡന വിവരം തുറന്നുപറയുകയായിരുന്നു. സ്കൂളില്വെച്ചും താമസ സ്ഥലത്ത് എത്തിച്ചും അധ്യാപകന് പീഡിപ്പിച്ചതായും കുട്ടികള് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അധ്യാപകനെതിരെ ആറോളം എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില് ഇയാളുടെ ഫോണില് നിന്ന് വിദ്യാര്ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള് കണ്ടെത്തിയിരുന്നു.
Content Highlights- A school headmistress has been suspended in connection with a case where a teacher allegedly gave alcohol to a student and sexually abused the child