ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.
നിയമസഭ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, സിപിഐഎമ്മിനും കോൺഗ്രസിനും കേരളത്തെ കുറിച്ച് പറയാൻ ഒന്നും ഇല്ലെന്നും അതിനാലാണ് ബിജെപിക്ക് എതിരെ നുണ പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു. ഒരു സമരത്തിൽ ഇരുന്ന് മുഖ്യമന്ത്രി പറയുന്നു കേരളത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന്. അത് അന്ന് തന്നെ ആ വാദം ബിജെപി പൊളിച്ചെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ബന്ധപ്പെട്ട് ഉയർന്ന വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് വിബിജി റാംജിക്കെതിരെ കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. യുപിഎ കാലത്ത് 2.35 ലക്ഷം കോടിയാണ് കോൺഗ്രസിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്ക് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന ശേഷം 7.83 ലക്ഷം കോടി നൽകി. യുപിഎ കാലത്ത് 100 തൊഴിൽ ദിവസങ്ങളായിരുന്നു എന്നാൽ വിബിജി റാം ജിയിൽ 125 തൊഴിൽ ദിനങ്ങളാണ് ഉള്ളത്. പദ്ധതി പ്രകാരം നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന അഴിമതി വിബിജി റാം ജിയിൽ നടക്കില്ല. അതാണ് കോൺഗ്രസ് പദ്ധതിയെ എതിർക്കാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത്. മണ്ഡലത്തിലെ വോട്ടർ ആണോ അയാൾ. ഞങ്ങൾ ആരെയും രക്ഷിക്കാൻ പോകുന്നില്ല. തെറ്റ് ചെയ്തവർ ജയിലിൽ പോകണം.തന്ത്രി ജയിലിൽ കഴിയുമ്പോൾ മന്ത്രി എങ്ങനെ വീട്ടിൽ ഇരിക്കുന്നു. ആചാര ലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് പിണറായി വിജയനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്വർണക്കൊള്ള മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ആദ്യം ശ്രമിച്ചത്. ബിജെപിയും മാധ്യമങ്ങളും രംഗത്ത് വന്നതോടെയാണ് അത് പുറത്തുവന്നത്. നിലവിൽ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മന്ത്രിമാർ നിഷ്കളങ്കരാണ് എന്ന് വാദിക്കുന്ന മുഖ്യമന്ത്രി കേസ് സിബിഐക്ക് വിടുമോ?. സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള ഒത്തുകളി നടക്കില്ല. മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിന്റെ മനസിൽ സിപിഐഎമ്മും കോൺഗ്രസും വിഷം കയറ്റി വെച്ചിട്ടുണ്ട്. അത് മാറ്റാനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനം ഉണ്ടാകും. സ്ഥാനാർഥികളുടെ പേരുകൾ കേന്ദ്ര നേതൃത്വത്തിന് നൽകിത്തുടങ്ങിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Content Highlights: Rajeev Chandrasekhar responded to the rumours that cricketer Sanju Samson may become a BJP candidate