കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് പി വി അന്വറിന്റെ ബേപ്പൂരിലെ സ്ഥാനാര്ത്ഥിത്വം തള്ളാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ് കുമാര്. ബേപ്പൂരിലെന്നല്ല കേരളത്തിലെവിടെയും മത്സരിക്കാന് പി വി അന്വര് യോഗ്യനാണെന്നും ബേപ്പൂരില് സജീവമാകാന് യുഡിഎഫ് നേതൃത്വം നേരത്തെ നിര്ദേശിച്ചിരുന്നുവെന്നും കെ പ്രവീണ് കുമാര് പറഞ്ഞു. മുന്നണി നേതൃത്വം ആരെ സ്ഥാനാര്ത്ഥിയായി തീരുമാനിച്ചാലും ഡിസിസി പൂര്ണ്ണപിന്തുണ നല്കുമെന്നും കെ പ്രവീണ്കുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞു.
'ജില്ലയില് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്ത്ഥിയെയും മനസ്സാ സ്വീകരിക്കും. അന്വര് ബേപ്പൂരില് മാത്രമല്ല, കേരളത്തില് എവിടെയും മത്സരിക്കാന് യോഗ്യതയും അര്ഹതയുമുള്ള നേതാവാണ്', കെ പ്രവീണ് കുമാര് പറഞ്ഞു.
ബേപ്പൂരില് സജീവമാകാന് അന്വറിനോട് യുഡിഎഫ് നേതൃത്വം നിര്ദേശിച്ചെന്നും മത്സരിക്കാന് ഡിസിസി സമ്മര്ദം ചെലുത്തിയെന്നുമാണ് വിവരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി വി അന്വര് മത്സരിച്ചാല് കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. നിലവില് തൃണമൂല് കോണ്ഗ്രസിന് ഒരു സീറ്റ് മാത്രം നല്കാനാണ് മുന്നണിയിലെ ആലോചന.
ബേപ്പൂരില് പി വി അന്വര് വരികയാണെങ്കില് മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം നടക്കും. അതിനൊപ്പം തന്നെ സമീപ സ്ഥലങ്ങളിലും ഇതിന്റെ ഒരു ആഘാതം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്. നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള് അന്വര് ആവശ്യപ്പെട്ടിരുന്നു. എന്നാല് ബേപ്പൂര് അല്ലാതെ മറ്റ് സീറ്റുകള് തേടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.
Content Highlights: PV Anwar is eligible to contest anywhere in Kerala Said K Praveen Kumar