കോഴിക്കോട്: കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം യുഡിഎഫ് ബിജെപിക്ക് കൊണ്ടുനല്കിയെന്ന് സിപിഐഎം മുന് ജില്ലാ സെക്രട്ടറി പി മോഹനന്. രണ്ട് സ്ഥലങ്ങളില് യു ഡി എഫിന് ജയിക്കാന് കഴിയുമായിരുന്നെന്നും പി മോഹനന് പറഞ്ഞു. ബാലപാഠം അറിയാവുന്നവര്ക്ക് കാര്യം ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫിലെ ഭിന്നതയാണ് പരാജയത്തിന് കാരണം. കെ സി ശോഭിതയോടുള്ള കോണ്ഗ്രസ് നേതാക്കളുടെ വൈരാഗ്യമാണ് ബിജെപിക്ക് തുണയായത്. ശോഭിതയെ ഒറ്റപ്പെടുത്താന് കഴിയില്ല. കോണ്ഗ്രസില് ചവിട്ടും കൂത്തും എല്ക്കുന്നവര് വഴിയാധാരമാകില്ല. സംവാദത്തിന് യുഡിഎഫ് നേതൃത്വം തയ്യാറാകുമോ. ബിജെപിയുടെ സഹായം പല സമയങ്ങളില് പല സ്ഥലങ്ങളില് യുഡിഎഫ് തേടിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലും ഇത്തരം സഹായം തേടി', പി മോഹനന് കൂട്ടിച്ചേര്ത്തു.
കോണ്ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്ശനവുമായി മലാപ്പറ കോഴിക്കോട് കോര്പ്പറേഷന് കൗണ്സിലര് കെ സി ശോഭിത നേരത്തെ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില് പാറോപ്പടി വാര്ഡിലെ പരാജയത്തില് മാത്രം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം മനസ്സിലാവുന്നില്ലെന്നും അന്വേഷണ റിപ്പോര്ട്ട് എന്ന പേരില് തന്നെയും കുടംബത്തെയും വേട്ടയാടുകയാണെന്നും മലാപ്പറമ്പ് ഡിവിഷനില്നിന്നു വിജയിച്ച കെ സി ശോഭിത ആരോപിച്ചു. കെ സി ശോഭിതയുടെ ഭര്ത്താവായിരുന്നു പാറോപ്പടി വാര്ഡിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനര്.
'ബിസിനസ്സുമായി കഴിയുന്ന ഭര്ത്താവിനെ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനറായി ചുമതലപ്പെടുത്തുകയായിരുന്നു. തോറ്റതിന് ശേഷം അദ്ദേഹത്തെ പഴിചാരാന് ശ്രമം നടക്കുന്നു. ഒട്ടേറെ പ്രശ്നങ്ങള് അവഗണിച്ചാണ് 15 വര്ഷമായി കൗണ്സിലറായി പ്രവര്ത്തിക്കുന്നത്. വനിത എന്ന നിലയില് ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള് തരുന്നില്ല', കെ സി ശോഭിത കുറ്റപ്പെടുത്തി.
Content Highlights: CPIM leader P Mohanan criticised the UDF in connection with the Kozhikode Corporation election