കോട്ടയം: വ്യാജ കേസില് കുടുക്കാന് ശ്രമിച്ചെന്ന നടന് നിവിന് പോളിയുടെ പരാതിയില് നിര്മാതാവ് പി എസ് ഷംനാസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ബിഎന്എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള് ചുമത്തി. കോടതിയില് വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്കിയതിന് കേസെടുത്തു. കോടതിയില് നിന്ന് വിവരങ്ങള് മറച്ചുവെച്ചതിനും പി എസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്.
വ്യാജ തെളിവുകള് നല്കുന്നത് കോടതിയെ കബളിപ്പിക്കലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്. കോടതിയില് സത്യം അറിയിക്കേണ്ട പി എസ് ഷംനാസ് മനഃപൂര്വം വ്യാജ വിവരങ്ങള് നല്കിയെന്നും കോടതി വിലയിരുത്തി. നീതിക്കായി പ്രോസിക്യൂഷന് നടപടി അനിവാര്യമാണ്. പി എസ് ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നും കോടതി പറഞ്ഞു. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി സംഭവത്തില് കേസെടുത്തത്. നിവിന് പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനോനും ഹാജരായി.
എബ്രിഡ് ഷൈന് സംവിധാനം ചെയ്ത ആക്ഷന് ഹീറോ ബിജുവിന്റെ നിര്മാണാവകാശം ഷംനാസ് വ്യാജ രേഖകള് ചമച്ച് തട്ടിയെടുത്തെന്നായിരുന്നു നിവിന് പോളിയുടെ പരാതി. സമ്മത പത്രത്തില് തന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേംമ്പര് ഓഫ് കൊമേഴ്സില് സമര്പ്പിച്ച് ഷംനാസിന്റെ നിര്മാണ കമ്പനിയുടെ പേരില് സിനിമ രജിസ്റ്റര് ചെയ്യുകയായിരുന്നുവെന്നും നിവിന് നല്കിയ പരാതിയില് പറഞ്ഞിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലായിരുന്നു നിവിന് പോളി പരാതി നല്കിയത്. നിവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഷംനാസിനെതിരെ വഞ്ചനാക്കുറ്റത്തിന് പുറമേ വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ചുമത്തിയിരുന്നു. ഇതേ സിനിമയുടെ വിദേശ വിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്കിയെന്നാരോപിച്ച് നിവിനും എബ്രിഡ് ഷൈനുമെതിരെ ഷംനാസ് പരാതി നല്കിയിരുന്നു. പരാതിയില് മൊഴിയെടുക്കാന് തലയോലപ്പറമ്പ് പൊലീസ് നിവിനെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിവിന് പോളി ഷംനാസിനെതിരെ കൊച്ചിയില് പരാതി നല്കിയത്.
Content Highlights- Actor Nivin Pauly has filed a complaint alleging an attempt to frame him in a fake case. Following the complaint, court have registered a case against producer shamnas.