സ്ഥാനാർത്ഥികൾ ജയിലിൽ, സത്യപ്രതിജ്ഞ ചെയ്തില്ല; രണ്ട് നഗരസഭകളിലെ വാർഡുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കും

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും ജയിലിൽ കിടക്കുന്നതിനാൽ സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്യാത്തതിന് പിന്നാലെ പയ്യന്നൂർ, തലശ്ശേരി നഗരസഭകളിലെ ഒരോ വാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് 46ാം വാർഡായ മൊട്ടമ്മലിൽനിന്നും വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി വി കെ നിഷാദ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് 37ാം വാർഡായ കൊമ്മൽവയലിൽനിന്നും ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച യു പ്രശാന്ത് എന്നിവരുടെ കൗൺസിലർ സ്ഥാനം നഷ്ടമാകുകയും അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കിയാൽ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.

സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന വി കെ നിഷാദ് 536 വോട്ടിനാണ് വാർഡിൽനിന്നും വിജയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറികൂടിയായ നിഷാദിനെതിരെ 20 വർഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി.

നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു വിധിവന്നത്. അതിനാൽ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിൻവലിക്കാനുള്ള അവസാനദിനത്തിലാണ് കേസിൽ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലിൽ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ അധികൃതർക്കിടയിലടക്കം ആശയകുഴപ്പമുള്ളതിനാൽ സത്യപ്രതിജ്ഞയെ കുറിച്ച് ആലോചിച്ചിരുന്നില്ല. കേസിൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ട തിയതി മുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്‌തേക്കും.

സിപിഐഎം പ്രവർത്തകന്റെ വീട് ആക്രമിക്കാനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന കേസാണ് ബിജെപിയുടെ യു പ്രശാന്തിന് കുരുക്കായത്. തലശേരി അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകൾ പ്രകാരം 36 വർഷവും ആറ് മാസം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 10 വർഷം തടവ് അനുഭവിച്ചാൽ മതി. കേസിൽ സത്യപ്രതിജ്ഞയ്ക്ക് മുമ്പാണ് പ്രശാന്ത് ജയിലിലായത്. 616 വോട്ടിനായിരുന്നു പ്രശാന്തിന്‍റെ വിജയം.

Content Highlights:‌ The local body election in two municipal wards of the kannur district may be canceled as the elected candidates are in jail didnot take oath

To advertise here,contact us