കണ്ണൂർ: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയിലിലുള്ളത് പാവങ്ങളാണെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
'ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലെ. പല സാഹചര്യങ്ങളാൽ കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർധിപ്പിച്ച് കൊടുത്തതിനെ എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്' ഇ പി ജയരാജൻ പറഞ്ഞു.
'ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടും. വേതന വർധന കാലോചിതമായ പരിഷ്കരണമാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം, എങ്കിലും ജീവപര്യന്തം അവർ ആ ജയിലിൽ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിർക്കുന്നത്' ഇ പി ജയരാജൻ പറഞ്ഞു.
തൊഴിലുറപ്പ് മേഖലയിൽ വേതനം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അത് കേന്ദ്രത്തോട് പറയാതെ ഇവിടെ ജയിലിൽ കിടക്കുന്നവർക്ക് ചില്ലറ പൈസ വർധിപ്പിച്ചതിനെ കുറിച്ച് പറയുകയാണ്. തൊഴിലുറപ്പുകാരുടെയും ആശമാരുടെയും വേതനം വർധിപ്പിക്കാനാണ് പറയേണ്ടത്. അത് കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കിൽഡ് ജോലികളിൽ 560രൂപയും അൺ സ്കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്കരിച്ച തുക. മുൻപ് അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.
Content Highlights: CPIM leader E P Jayarajan justified the increase in wages for prison inmates