കൊച്ചി: ശബരിമല സ്വര്ണക്കൊള്ളക്കേസില് മുന് ദേവസ്വം ബോര്ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്. ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്ഡ് അംഗമായിരുന്നു ശങ്കരദാസ്.
ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.
ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ തനിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കരദാസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയിരുന്നു. കേസിൽ എന്തുകൊണ്ടാണ് ശങ്കരദാസിനെ പ്രതി ചേര്ക്കാത്തതെന്നായിരുന്നു ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നത്. ഈ പരാമർശത്തിനെതിരെയാണ് ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വാദം കേള്ക്കുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.
Content Highlights: Former Devaswom Board member K P Sankaradas has been arrested in connection with the Sabarimala gold theft case