'ഞാന്‍ പോകില്ല, വേണമെങ്കില്‍ ജോസ് തിരുവമ്പാടിക്ക് പോകട്ടെ': പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

വേണമെങ്കില്‍ ജോസ് കെ മാണി തിരുവമ്പാടിയില്‍ മത്സരിക്കട്ടേയെന്നാണ് മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. വേണമെങ്കില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തിരുവമ്പാടിയില്‍ മത്സരിക്കട്ടേയെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാലാ എംഎല്‍എയുടെ പ്രതികരണം.

തിരുവമ്പാടിയില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് യോഗം ചേര്‍ന്നിരുന്നു. സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പാലാ വിട്ടുപോകില്ലെന്ന നിലപാടില്‍ മാണി സി കാപ്പന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മാണി സി കാപ്പനോട് പാല വിട്ടുനല്‍കാന്‍ യുഡിഎഫ് നിര്‍ദേശിച്ചത്. ജോസ് കെ മാണി കേന്ദ്രത്തിന് എതിരായ എല്‍ഡിഎഫ് സമരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചര്‍ച്ചകള്‍ ചൂടേറിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ മാണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുമുന്നണിയുടെ സമരപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ജോസ് കെ മാണി വിശദീകരിച്ചിരുന്നു.

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചു എന്നും ജോസ് കെ മാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ന് 11.30ക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

Contet Highlights: Mani C Kappan MLA stated that he will not give up the Pala Assembly seat to Jose K Mani, amid ongoing political discussions

To advertise here,contact us