'Love you to moon and back'; കലോത്സവ വേദിയില്‍ അതിജീവിതയുടെ വാക്ക് എടുത്തുപറഞ്ഞ് വി ശിവന്‍കുട്ടി

അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായി മുഖ്യമന്ത്രി പൊതുവേദിയിലെത്തിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

തൃശൂര്‍: കലോത്സവ വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കേസിലെ അതിജീവിതയുടെ വാക്ക് എടുത്ത് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരോടുമായി 'ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്' എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. മുഖ്യമന്ത്രി കയ്യില്‍ പിടിച്ച കപ്പിലെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ, എല്ലാവരോടും പറയാനുളളത് അതാണ് എന്ന് പറഞ്ഞായിരുന്നു ശിവന്‍കുട്ടി ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക് എന്ന് പറഞ്ഞത്. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 'Love you to moon and back' എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായി. മുഖ്യമന്ത്രിയുടെ ചിത്രം അതിജീവിതയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ കപ്പിലെ വാചകങ്ങൾക്ക് തൻ്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻ്റെ തുടിപ്പുണ്ട് എന്നായിരുന്നു അതിജീവിത പങ്കുവെച്ച കുറിപ്പ്. മൂന്നാമത്തെ യുവതിയുടെ ബലാത്സംഗ പരാതിയ്ക്ക് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് രാഹുലിനെതിരെ പരാതി നൽകിയ ആദ്യത്തെ യുവതി വൈകാരികമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദൈവത്തിന് നന്ദിയെന്നും വേദനകള്‍ക്കും വഞ്ചനകള്‍ക്കും ഇടയില്‍ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ഇരുട്ടില്‍ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേള്‍ക്കാതെ പോയ നിലവിളികള്‍ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറഞ്ഞിരുന്നു. ഈ കുറിപ്പിലാണ് കുഞ്ഞാറ്റാ, 'Love you to moon and back' എന്ന വാചകം അതിജീവിത എഴുതിയിരുന്നത്.

Content Highlights: 'Love you to the moon and back'; V Sivankutty quotes rahul mamkoottathil case survivors words in kalolvasam stage

To advertise here,contact us