തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയ സംഭവത്തിന് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സാങ്കേതികം മാത്രമെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പറഞ്ഞു. തുടരെ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിലാണ് കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം
'കാറിൽ കയറ്റുക എന്നത് വെറുമൊരു സാങ്കേതികം മാത്രമാണ്. അത് കൂടുതൽ ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വ്യക്തികരമായ കാര്യമാണത്. അദ്ദേഹം അതിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. വിഷയത്തിൽ മുസ്ലിം ജമാഅത്തെയുടെ നിലപാട് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിലും മുഹമ്മദ് ഫൈസി പ്രതികരിച്ചു. അത്തരം നീക്കങ്ങൾ ഏതൊരാളുടെ പക്ഷത്തുനിന്നുണ്ടായാലും അതിൽ പ്രതിഷേധമുണ്ടെന്നായിരുന്നു പ്രതികരണം. സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച് കണക്ക് സർക്കാർ ധവളപത്രമായി പുറത്തിറക്കണമെന്നും കാന്തപുരം വിഭാഗം വ്യക്തമാക്കി.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കും. ജനുവരി ഒന്നിന് ആരംഭിച്ച യാത്ര 16നാണ് അവസാനിക്കുന്നത്. കേരള യാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് പരിപാടി.
Content Highlights : kanthapuram leaders reacts on The controversy regarding Pinarayi Vijayan getting Vellapally Natesan in his car